വീണയ്ക്കെതിരായ വിധി താൻ മറുപടി പറയേണ്ട കാര്യമില്ലെന്നു ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിനെക്കുറിച്ച് താൻ മറുപടി പറയേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അത് വീണയുടെ കമ്പനി കൈകാര്യം ചെയ്തോളുമെന്നു പറഞ്ഞ അദ്ദേഹം കൂടുതൽ പ്രതികരണത്തിനു തയാറായില്ല. ഇതും പാർട്ടിയെ തകർക്കാനുള്ള നീക്കമാണോ എന്ന ചോദ്യത്തിന് അതു താൻ നേരത്തേ പറഞ്ഞതല്ലേ എന്നായിരുന്നു മറുപടി.
മുഖ്യമന്ത്രി നാണംകെട്ടെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം ∙ എസ്എഫ് ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതു കൊണ്ടാണ് ഹർജി തള്ളിയത്. ഇതോടെ രാഷ്ട്രീയ പകപോക്കലെന്ന വാദത്തിന്റെ മുനയൊടിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും പിണറായി വിജയനും മകളും അന്വേഷണത്തോട് സഹകരിക്കണം – സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മടിയിൽ കനമുണ്ട്, കൈകൾ ശുദ്ധമല്ല
മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയിൽ കനമുണ്ട്, കൈകൾ ശുദ്ധമല്ല. ഭയമുള്ളതുകൊണ്ടാണ് എക്സാലോജികുമായി ബന്ധപ്പെട്ട അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത്. അന്വേഷണം നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പിൽ ബിജെപി–സിപിഎം ബന്ധമുണ്ടാക്കാനാണ് ശ്രമം. 8 മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണത്തിൽ യുഡിഎഫിനു പൂർണ വിശ്വാസമില്ല. ഒന്നോ രണ്ടോ ആഴ്ചകൾകൊണ്ട് നോക്കിത്തീർക്കാവുന്ന രേഖകൾ മാത്രമാണ് കേസുമായി ബന്ധപ്പെട്ടുള്ളത്. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് 2 സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ കണ്ടെത്തലുണ്ട്. എസ്എഫ് ഐഒ എന്തിനാണ് 8 മാസം അന്വേഷിക്കുന്നത്?-കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്
രഹസ്യധാരണയുടെ തെളിവ്
എക്സാലോജിക് ഇടപാടിൽ അന്വേഷണത്തിന് 8 മാസത്തെ സമയം അനുവദിച്ചത് ബിജെപി – സിപിഎം രഹസ്യധാരണയുടെ തെളിവാണ്.–വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്
തെളിവുകൾ ഉടൻ പുറത്തുവിടും
സിഎംആർഎലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി നടന്ന സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാവുന്ന രണ്ടാംഘട്ട തെളിവുകൾ ഉടൻ പുറത്തുവിടും. മുഖ്യമന്ത്രിയെയും മകളെയും കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണു കർണാടക ഹൈക്കോടതി വിധി.–മാത്യു കുഴൽനാടൻ എംഎൽഎ