ജലജീവൻ ജോലി നിർത്തുമെന്ന് കരാറുകാർ; മന്ത്രിമാർക്കും ജല അതോറിറ്റി എംഡിക്കും നോട്ടിസ് നൽകി
Mail This Article
തിരുവനന്തപുരം ∙ കോടികളുടെ കുടിശിക തുക നൽകാത്തതിനെതിരെ ജലജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള ജോലികൾ കരാറുകാർ നിർത്തി വയ്ക്കുന്നു. ജോലികൾ ഘട്ടം ഘട്ടമായി നിർത്തുകയാണന്നു ചൂണ്ടിക്കാട്ടി കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജലവിഭവ– ധനകാര്യ മന്ത്രിമാർക്കും ജലഅതോറിറ്റി എംഡിക്കും നോട്ടിസ് നൽകി. കരാർ പണികൾ നിർത്തുന്നതോടെ സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ സ്തംഭിക്കും.
കഴിഞ്ഞ വർഷം ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ജലജീവൻ പദ്ധതികളുടെ പേരിൽ 1660.19 കോടി രൂപയാണ് കുടിശിക ഇനത്തിൽ കരാറുകാർക്ക് ജലവിഭവവകുപ്പ് നൽകാനുള്ളത്. ഈ തുക എന്നു നൽകും എന്നതിനക്കുറിച്ച് ജലവിഭവ വകുപ്പ് ഇതുവരെ കരാറുകാർക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ, കുടിശിക തുക 2500 കോടി രൂപയായി ഉയരുമെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ, സംസ്ഥാന ബജറ്റിൽ 550 കോടി രൂപ മാത്രമാണ് ജലജീവൻ മിഷൻ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലെ കേന്ദ്ര–സംസ്ഥാന വിഹിതം പൂർണമായി ഉപയോഗിച്ചാലും കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കുടിശിക തുക കരാറുകാർക്ക് നൽകാൻ കഴിയാത്ത സാഹചര്യമാണെന്നും പുതുതായി സമർപ്പിക്കുന്ന ബില്ലുകൾ പാസാക്കുന്നതിൽ വ്യക്തതയില്ലെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
അതേസമയം, കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ നിന്ന് 600 കോടി രൂപ കൂടി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഇതു ലഭിച്ചാൽ കുടിശിക ഇനത്തിൽ കരാറുകാർക്കുള്ള തുകയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്നും ജലഅതോറിറ്റി ഉന്നതവൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട കാലാവധി അടുത്ത മാസം 24ന് അവസാനിക്കും. ഒരു വർഷം കൂടി സമയപരിധി നീട്ടി നൽകണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചെങ്കിലും രേഖാമൂലം മറുപടി നൽകിയിട്ടില്ല.
ഇനി വേണ്ടത് 28,500 കോടി രൂപ
എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല കണക‍്ഷൻ നൽകുക എന്ന ലക്ഷ്യത്തോടെ, 2020 ഒക്ടോബറിൽ കേരളത്തിൽ ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കാൻ ഇനി വേണ്ടത് 28,500 കോടി രൂപയാണ്. ഇതിൽ കേന്ദ്ര സർക്കാർ 14,000 കോടി രൂപയും, ബാക്കി സംസ്ഥാന സർക്കാരുമാണ് മുടക്കേണ്ടത്. പദ്ധതി നടപ്പാക്കിയ ശേഷം 19,14, 969 കണക‍്ഷനുകളാണ് സംസ്ഥാനത്ത് നൽകിയത്. 33,28,001 കണക‍്ഷനുകളാണ് ഇനി നൽകാനുള്ളത് എന്നാണ് ജലഅതോറിറ്റിയുടെ വെബ്സൈറ്റിൽ പറയുന്നത്.