തീരനിയന്ത്രണമേഖലാ വിജ്ഞാപനം; 3 വകുപ്പുകൾക്ക് നോട്ടിസ്
Mail This Article
തിരുവനന്തപുരം∙ കേന്ദ്രം പുതിയ തീരനിയന്ത്രണമേഖലാ (സിആർസെഡ്) വിജ്ഞാപനമിറക്കിയിട്ട് 5 വർഷം പൂർത്തിയാകുമ്പോഴും സംസ്ഥാനം ഇതുവരെ നടപ്പാക്കാത്തതിൽ ഉത്തരവാദപ്പെട്ട വകുപ്പുകൾക്ക് നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ നോട്ടിസ്. മലയാള മനോരമ ജനുവരി 13ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗം പരാതിയായി സ്വീകരിച്ചാണു നടപടിക്കു തുടക്കമിട്ടതെന്ന് പെറ്റീഷൻ കമ്മിറ്റി ചെയർമാൻ ആന്റണി രാജു എംഎൽഎ പറഞ്ഞു.
തദ്ദേശ, റവന്യു, ജലവിഭവ വകുപ്പുകളാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്. എന്തുകൊണ്ട് നടപ്പാക്കാൻ വൈകുന്നുവെന്ന് 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു നോട്ടിസ്. ഇങ്ങനെയൊരു ജനകീയ വിഷയത്തിൽ ഇത്രയും കാലമായി അന്തിമതീരുമാനം കാത്തിരിക്കുന്ന സാധാരണക്കാരെ മറന്ന് സർക്കാർ സംവിധാനങ്ങൾ മെല്ലെപ്പോക്കു തുടരുന്നത് കടുത്ത ജനദ്രോഹമാണെന്ന് മുഖപ്രസംഗത്തിൽ വിമർശിച്ചിരുന്നു.
പുതിയ വിജ്ഞാപനത്തിൽ കൂടുതൽ ഇളവുകൾ നിർദേശിക്കുന്നുണ്ടെന്നതിനാൽ തീരദേശവാസികൾ വലിയ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. അന്തിമാനുമതി വൈകുന്തോറും, നിയമപരമായി നടപ്പാക്കാനാകുന്ന നിർമാണപ്രവർത്തനങ്ങളും മറ്റും അനിശ്ചിതത്വത്തിൽത്തന്നെ തുടരും. 2011ലെ വിജ്ഞാപനപ്രകാരമുള്ള പ്ലാനാണു സംസ്ഥാനത്തു നിലവിലുള്ളത്. പാവപ്പെട്ട കുടുംബങ്ങളുടെ വീടുനിർമാണത്തിനുള്ള പരിശ്രമങ്ങൾ പോലും ഇങ്ങനെ കുരുങ്ങിക്കിടക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തിലാണ് സാധാരണനിലയിൽ പെറ്റീഷൻ കമ്മിറ്റി നടപടികളെടുക്കുന്നത്. കേരളത്തിലെ 10 ജില്ലകളെ ബാധിക്കുന്ന ജനകീയ വിഷയമായതിനാലാണ് മുഖപ്രസംഗംതന്നെ പരാതിയായി പരിഗണിച്ചതെന്ന് ആന്റണി രാജു പറഞ്ഞു.