ബിൽ അടച്ചില്ല; എറണാകുളം കലക്ടറേറ്റിലെ 30 ഓഫിസുകളിൽ വൈദ്യുതി വിഛേദിച്ചു
Mail This Article
കാക്കനാട്∙ ബിൽ തുക കുടിശിക ആയതിന്റെ പേരിൽ കലക്ടറേറ്റ് സമുച്ചയത്തിലെ 30 ഓഫിസുകളുടെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചു. കാറ്റും വെളിച്ചവും കിട്ടാതെ പല ഓഫിസുകളുടെയും പ്രവർത്തനം അവതാളത്തിലായി. 13 കണക്‌ഷനുകളിൽ നിന്നാണ് 30 ഓഫിസുകൾ വൈദ്യുതി ഉപയോഗിക്കുന്നത്. 57,95,556 രൂപയാണ് ഇത്രയും ഓഫിസുകളിലെ വൈദ്യുതി ബിൽ കുടിശിക.
ഇന്നലെ രാവിലെ കെഎസ്ഇബി തൃക്കാക്കര ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിൽ നിന്നെത്തിയ സബ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘമാണ് 13 കണക്‌ഷന്റെയും ഫ്യൂസ് ഊരിയത്. കലക്ടറേറ്റ് ഉൾപ്പെടെ ഒന്നാം നിലയിലെ ഓഫിസുകൾ വൈദ്യുതി ബിൽ കൃത്യമായി അടച്ചിരുന്നതിനാൽ ഇവിടെ വൈദ്യുതി തടസ്സപ്പെട്ടില്ല.
ജില്ലാ സപ്ലൈ ഓഫിസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ്, സർവേ ഡപ്യൂട്ടി ഡയറക്ടറേറ്റ്, ഭക്ഷ്യ സുരക്ഷ ഡപ്യൂട്ടി കമ്മിഷണറേറ്റ്, കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, യുവജന ക്ഷേമ ഓഫിസ്, ട്രഷറി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം, ജില്ലാ ഓഡിറ്റ് വിഭാഗം, സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസ്, ഇറിഗേഷൻ ഓഫിസ്, ഇലക്‌ഷൻ ഗോഡൗണും അനുബന്ധ വിഭാഗവും തുടങ്ങിയവയാണ് വൈദ്യുതി കണക്‌ഷൻ വിഛേദിച്ച പ്രധാന ഓഫിസുകൾ.
പലതവണ നോട്ടിസ് നൽകിയിരുന്നതായി വൈദ്യുതി സെക്‌ഷൻ അധികൃതർ അറിയിച്ചു. ചീഫ് എൻജിനീയറുടെ നിർദേശ പ്രകാരമാണ് വൈദ്യുതി വിഛേദിച്ചത്. പണം അടച്ചതിനാൽ ഇറിഗേഷനിലെയും ഇലക്ഷൻ ഗോഡൗണിലെയും വൈദ്യുതി പിന്നീടു പുനഃസ്ഥാപിച്ചു.