ഹൈക്കോടതി വിധിക്ക് പുല്ലുവില; നിയമന നിർദേശം നടപ്പാക്കാതെ കെഎംഎംഎൽ
Mail This Article
കൊല്ലം ∙ എഴുത്തുപരീക്ഷയും അഭിമുഖവും പാസായ അഭിഭാഷകയ്ക്ക് ലീഗൽ ഓഫിസർ തസ്തികയിൽ നിയമനം നൽകണമെന്ന ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി നിയമനം അട്ടിമറിക്കാൻ ചവറ കെഎംഎംഎലിൽ നീക്കം. അർഹയായ അഭിഭാഷകയ്ക്ക് ജോലി നൽകണമെന്നു ഹൈക്കോടതി ജനുവരി 31 ന് ഉത്തരവിട്ടിട്ടും പ്രത്യേക കാരണമില്ലാതെ തട്ടിക്കളിക്കുകയാണ് രാഷ്ട്രീയ നിയമനങ്ങൾക്കു പേരു കേട്ട കെഎംഎംഎൽ.
കമ്പനിയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരിൽ ചിലരെ ഇതേ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ നടന്ന നീക്കം നേരത്തേ ‘മനോരമ’ പുറത്തു കൊണ്ടുവന്നിരുന്നു. ഇതു നടക്കാതെ പോയതിന്റെ വൈരാഗ്യത്തിന് ഇരയായത് യുവ അഭിഭാഷകയും. ചവറ കുളങ്ങര ഭാഗം കറുകശ്ശേരിൽ വീട്ടിൽ ഡിക്രൂസ് അനിഷ എന്ന എൽഎൽബി, എൽഎൽഎം ബിരുദധാരിയാണു വ്യവസായ വകുപ്പിനു കീഴിലുള്ള കെഎംഎംഎലിനെ നിയന്ത്രിക്കുന്നവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഇരയായത്.
വിരമിച്ച ഉദ്യോഗസ്ഥനെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കം പാളിയതോടെയാണ് ഈ തസ്തികയിൽ ഒരു വർഷത്തെ കരാറിനു നിയമനം നടത്താൻ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിനെ (സിഎംഡി) കെഎംഎംഎൽ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ച് 29 ലെ വിജ്ഞാപനം പ്രകാരം നൂറ്റൻപതോളം പേർ അപേക്ഷിച്ചു.
ഏപ്രിൽ 27ന് എഴുത്തുപരീക്ഷയും മേയ് 9ന് അഭിമുഖവും നടത്തി. പ്രതിമാസം 40000 രൂപ ശമ്പളത്തിന് ഒരു വർഷത്തേക്കു നിയമനത്തിനു തിരഞ്ഞെടുത്തുവെന്നു കാണിച്ച് മേയ് 17ന് ഡിക്രൂസ് അനിഷയ്ക്കു സിഎംഡിയിൽ നിന്ന് ഓഫർ ഓഫ് അപ്പോയ്ന്റ്മെന്റ് കിട്ടി. ഇതുമായി പിറ്റേ ദിവസം കെഎംഎംഎലിലെത്തിയെങ്കിലും നിയമന ഉത്തരവ് നൽകാതെ തിരിച്ചയയ്ക്കുകയായിരുന്നു. ചില നടപടികൾ പൂർത്തിയായ ശേഷം അറിയിക്കാമെന്നായിരുന്നു മറുപടി.
ജോലിയിൽ ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഡിക്രൂസ് അനിഷ രണ്ടു തവണ കെഎംഎംഎലിനു കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അന്തിമ വിധിയാണ് ഈ ജനുവരി 31 ന് വന്നത്. ജോലിയിൽ ചേരാൻ അപേക്ഷക അർഹയാണെന്നും കോടതി കണ്ടെത്തി. കോടതി ഉത്തരവുമായി കഴിഞ്ഞ ദിവസം ഡിക്രൂസ് അനിഷ കെഎംഎംഎലിൽ എത്തിയെങ്കിലും നിയമോപദേശം തേടേണ്ടതുണ്ടെന്നു പറഞ്ഞ് വീണ്ടും മടക്കി അയയ്ക്കുകയായിരുന്നു.