ശമ്പളം തന്നെ സംശയം, പിന്നെ ഡിഎ എങ്ങനെ തരും? ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളത്തിൽ 2% ക്ഷാമബത്ത നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഉറപ്പില്ലാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘സാധനങ്ങളുടെയെല്ലാം വില കൂടി. ഡിഎ കിട്ടിയാലും മെച്ചപ്പെട്ട ജീവിതത്തിലേക്കു പോകുന്നില്ല. കഴിഞ്ഞ വർഷത്തേതു പോലെ ജീവിക്കാമെന്നു മാത്രം. 18 % ബത്ത കിട്ടേണ്ടിയിരിക്കുന്നു. 2 % മാത്രമേ തരൂ എന്നാണു ബാലഗോപാൽ പറഞ്ഞത്. അതും കിട്ടിയാലായി എന്നേയുള്ളൂ. ശമ്പളം തന്നെ കൊടുക്കാൻ പറ്റുമോ എന്നു സംശയമാണ്. അപ്പോൾ പിന്നെ ഡിഎ എങ്ങനെ കിട്ടും?. ഗോവിന്ദൻ ചോദിച്ചു.
ചില എസ്എഫ്ഐക്കാർ വിഷയം പഠിക്കാതെ പ്രസംഗിക്കുന്നതിനെ എം.വി.ഗോവിന്ദൻ പരിഹസിച്ചു. സാമൂഹിക വ്യവസ്ഥയാണ് എല്ലാ കുഴപ്പത്തിന്റെയും ഉത്തരവാദി എന്നാണ് പ്രസംഗം. സാമൂഹിക വ്യവസ്ഥ അത്ര വലിയ പ്രശ്നക്കാരനാണോ എന്ന് പ്രസംഗം കേട്ട കെഎസ്‍യുക്കാരൻ ചോദിച്ചു. കാണാപ്പാഠം പഠിച്ചുപോയ എസ്എഫ്ഐക്കാരൻ അപ്പോഴാണ് സാമൂഹിക വ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നത്. വെറുതെ പറഞ്ഞിട്ടു കാര്യമില്ലെന്നും ഗൗരവപൂർവം പഠിക്കേണ്ടതാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇഎംഎസിന്റെ ‘ ലെനിനിസവും ഇന്ത്യൻ വിപ്ലവത്തിന്റെ കാഴ്ചപ്പാടും’ എന്ന പുസ്തകത്തെ അധികരിച്ചായിരുന്നു പ്രസംഗം.