അനുവാദമില്ലാത്ത ഡ്രോണുകൾ തകർക്കാൻ കേരള പൊലീസ്; 20 ആന്റി ഡ്രോൺ വാങ്ങും, ഒന്നിന് 60 ലക്ഷം

Mail This Article
തിരുവനന്തപുരം ∙ അനുവാദമില്ലാതെ പറക്കുന്ന ഡ്രോണുകളെ നിർവീര്യമാക്കി താഴെയിറക്കുന്ന ആന്റി ഡ്രോൺ സാങ്കേതികവിദ്യ കേരള പൊലീസ് സ്വന്തമാക്കുന്നു. വിഐപികൾ പങ്കെടുക്കുന്ന പൊതുയോഗം, ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്ന രീതിയിലുള്ള ആൾക്കൂട്ടം, അതീവ സുരക്ഷ വേണ്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കു വേണ്ടിയാണ് ഇതു വാങ്ങുന്നത്. പൊതുയോഗങ്ങളിലും മറ്റും പറന്നെത്തുന്ന ഡ്രോണുകൾ സുരക്ഷാ സേനകൾക്ക് ആശങ്കയുണ്ടാക്കാറുണ്ട്.
Read Also: സ്പെയർ ട്രെയിൻ ഉപയോഗിക്കും; കേരളത്തിൽ വീണ്ടും വന്ദേഭാരത് സർവീസിന് സാധ്യത...
രാജ്യത്തെ സൈബർ സെക്യൂരിറ്റി സംവിധാനവും സുരക്ഷയ്ക്കുള്ള സാങ്കേതിക മികവും വർധിപ്പിക്കുന്നതിനു സംസ്ഥാനങ്ങൾക്കായി 500 കോടി രൂപ കേന്ദ്രസർക്കാർ മാറ്റിവച്ചിരുന്നു. ഇൗ ഫണ്ട് ഉപയോഗിച്ച് 20 ആന്റി ഡ്രോൺ വാങ്ങുന്നതിനാണ് സംസ്ഥാന പൊലീസ് ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലയിലും വാങ്ങുന്നതിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. 60 ലക്ഷത്തോളം രൂപയാണ് ഒരു ഉപകരണത്തിനു വേണ്ടിവരിക.
ഡ്രോൺ പറന്നുയരുമ്പോൾ തന്നെ റേഡിയോ ഫ്രീക്വൻസി അനലൈസറും മറ്റു സെൻസറുകളും ഉപയോഗിച്ച് അതിനെ നിർവീര്യമാക്കുന്നതാണ് സാങ്കേതിക വിദ്യ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു വിഐപികളുടെ സന്ദർശനം തുടങ്ങും മുൻപ് ഇൗ ഉപകരണം എത്തിക്കാനാണ് ശ്രമം.