നേരത്തേ കളംപിടിച്ച് സിപിഎം; ലക്ഷ്യം 12 സീറ്റ്, പോരിന് ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനാർഥികളും
Mail This Article
തിരുവനന്തപുരം ∙ ഔദ്യോഗിക പ്രഖ്യാപനം ബാക്കിയുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ആദ്യം തീരുമാനിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎം. സിപിഐയുടെ പട്ടിക 26ന് തയാറാകുന്നതോടെ 27ന് സിപിഎമ്മും എൽഡിഎഫും ചേർന്ന് ഇടതുമുന്നണിയുടെ പൊതുപട്ടിക പുറത്തിറക്കും.
Read Also:കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു
ഒന്നിൽനിന്ന് 12 സീറ്റ് എന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നിൽക്കാണുന്ന ലക്ഷ്യം. മന്ത്രി കെ.രാധാകൃഷ്ണനെയും കെ.കെ.ശൈലജയെയും ലോക്സഭയിലേക്കു മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടിക്കുള്ളിൽ സമ്മിശ്ര പ്രതികരണങ്ങൾക്കു കാരണമായിട്ടുണ്ട്. ഒരുപക്ഷേ, ഭാവിയിൽ മുഖ്യമന്ത്രിസ്ഥാനാർഥികളായി പാർട്ടി അവതരിപ്പിക്കുമെന്നു പ്രചരിക്കപ്പെട്ട 2 നേതാക്കളാണ് ഒരുമിച്ചു പോരാട്ടത്തിനിറങ്ങുന്നത്. രാധാകൃഷ്ണൻ ജയിച്ചാൽ മന്ത്രിസഭയിലും മാറ്റം വേണ്ടിവരും.
തിരഞ്ഞെടുപ്പു പ്രഖ്യാപനം 25നോ 26നോ വരുമെന്ന വിവരമാണ് സിപിഎം നേതൃത്വത്തിനു നേരത്തേ ലഭിച്ചത്. ഇതു കണക്കിലെടുത്താണ് 27ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് ആദ്യമാകുമെന്ന സൂചനയാണ് ഇപ്പോൾ പാർട്ടിക്കുള്ളതെങ്കിലും സ്ഥാനാർഥിപ്രഖ്യാപനം 27നുതന്നെ നടക്കും.
∙ കോൺഗ്രസ് – ലീഗ് അന്തിമചർച്ച 25ന്
കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള അന്തിമ സീറ്റുവിഭജന ചർച്ച 25നു കൊച്ചിയിൽ നടന്നേക്കും. അന്ന് ഉഭയകക്ഷി ചർച്ചയും യുഡിഎഫ് ഏകോപനസമിതി യോഗവും ചേരാനാണ് ആലോചിച്ചിരുന്നത്. എന്നാൽ, ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനപ്പെട്ട യോഗം ബെംഗളൂരുവിൽ നടക്കുന്നതിനാൽ യുഡിഎഫ് ഏകോപനസമിതി മറ്റൊരു ദിവസമാകും ചേരുക. കെപിസിസി ജാഥ 29നു സമാപിക്കുന്നതിനു മുൻപ് യുഡിഎഫ് ഏകോപനസമിതി ചേർന്നേക്കും.