പള്ളി ഗ്രൗണ്ടിൽ വാഹനത്തിൽ യുവാക്കളുടെ അതിക്രമം; തടയാൻ ശ്രമിച്ച വൈദികന് പരുക്കേറ്റു
Mail This Article
പൂഞ്ഞാർ ∙ പള്ളിയുടെ ഗ്രൗണ്ടിൽ യുവാക്കൾ കാറിലും ബൈക്കിലും അഭ്യാസപ്രകടനം നടത്തുന്നതു തടയാൻ ശ്രമിച്ച വൈദികനു കാറും ബൈക്കും തട്ടി പരുക്കേറ്റു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ പരുക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു 12.30നാണു സംഭവം. പള്ളിയുടെ പാർക്കിങ് ഗ്രൗണ്ടിൽ 6 കാറുകളിലും 6 ബൈക്കുകളിലുമായെത്തിയ സംഘം വേഗത്തിൽ ഓടിച്ച് അഭ്യാസപ്രകടനം നടത്തുകയായിരുന്നു.
ഒരു കാറിന്റെ സൈലൻസറിൽ മാറ്റം വരുത്തി വലിയ ശബ്ദത്തോടെയാണ് ഓടിച്ചിരുന്നത്. ഈ സമയം ഫാ. ജോസഫ് ഗ്രൗണ്ടിലെത്തി പള്ളിയിൽ ആരാധന നടക്കുന്നുണ്ടെന്നും വാഹനങ്ങളുമായി പുറത്തു പോകണമെന്നും ആവശ്യപ്പെട്ടു. യുവാക്കൾ തയാറാകാതെ വന്നതോടെ വൈദികൻ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ പുറത്തേക്ക് ഓടിച്ചുപോയ ബൈക്ക് വൈദികന്റെ കയ്യിൽ തട്ടി. പിന്നാലെയെത്തിയ കാറിന്റെ ഒരു വശം കൂടി തട്ടിയതോടെ വൈദികൻ നിലത്തു വീണെന്നു പൊലീസ് പറഞ്ഞു.
പാലാ ഡിവൈഎസ്പി കെ.സദൻ, ഈരാറ്റുപേട്ട എസ്എച്ച്ഒ പി.എസ്.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ ക്യാമറകൾ സംഭവസമയത്തു പ്രവർത്തിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. 4 കാറുകളുടെ ചിത്രങ്ങൾ നാട്ടുകാർ പൊലീസിനു കൈമാറി. 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള സംഘടനകളുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ വികാരി ഫാ. മാത്യു കടൂക്കുന്നേൽ, ഫാ.ഡോ. ജോർജ് വർഗീസ്, ഫാ.ജോയി നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, മുൻ എംഎൽഎ പി.സി.ജോർജ് എന്നിവർ സ്ഥലത്തെത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയും കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയും പാലാ രൂപതാ നേതൃയോഗവും പ്രതിഷേധിച്ചു.
നടപടിയെടുക്കണം: ജോസ് കെ. മാണി
കോട്ടയം ∙ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിവളപ്പിൽക്കയറി ബഹളമുണ്ടാക്കുകയും തടയാൻ ശ്രമിച്ച വൈദികനു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവർ ആവശ്യപ്പെട്ടു. ഫാ. ജോസഫ് ആറ്റുചാലിലിനെ ആശുപത്രിയിലെത്തി ചാഴികാടൻ സന്ദർശിച്ചു.