ചെലവും വരവും തമ്മിലെ വിടവ് 32,417 കോടി; അവകാശപ്പെട്ട 13,609 കോടിയെങ്കിലും ഉടൻ കേന്ദ്രം തരണമെന്ന് കേരളം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ധനക്കമ്മി 32,417 കോടി രൂപ. ഇൗ വർഷം ആകെ 39,706 കോടി രൂപ കടമെടുക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച സർക്കാർ ഇതുവരെ കടമെടുത്ത തുകയാണിത്. ചെലവിനാവശ്യമായ തുക വരുമാനമായി കിട്ടിയില്ലെങ്കിലാണ് സർക്കാർ കടമെടുക്കുക. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചെങ്കിലും ജനുവരി 31 വരെ സംസ്ഥാന സർക്കാരിന് 32,417 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞെന്നാണ് സിഎജിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത മാസം മാത്രം 20,000 കോടി രൂപയെങ്കിലും ട്രഷറി ബില്ലുകൾ കൊടുത്തുതീർക്കാൻ വേണമെന്നു കണക്കുകൂട്ടുന്ന സർക്കാരിനു മുന്നിൽ ഇനി കടമെടുപ്പ് അടക്കം മറ്റു പോംവഴികളില്ല.
കേന്ദ്രം ന്യായമായി നൽകേണ്ട 13,609 കോടി രൂപയെങ്കിലും അടിയന്തരമായി വേണമെന്നാണു കേരളത്തിന്റെ ആവശ്യം. കേന്ദ്രമാകട്ടെ, കേസ് പിൻവലിച്ചാൽ ഇതു നൽകാമെന്ന നിലപാടിലാണ്. അതിനാൽ, ഇനി സുപ്രീം കോടതിയുടെ ഇടക്കാല വിധിയിലാണു കേരളത്തിന്റെ പ്രതീക്ഷ. ഇൗ വർഷം നികുതി വരുമാനമായി 1.35 ലക്ഷം കോടി പിരിച്ചെടുക്കാനായിരുന്നു സർക്കാർ പ്രതീക്ഷിച്ചിരുന്നതെങ്കിലും ജനുവരി വരെ 75,000 കോടി പിരിച്ചെടുക്കാൻ മാത്രമേ സർക്കാരിനു കഴിഞ്ഞിട്ടുള്ളൂ എന്നാണ് സിഎജിയുടെ കണക്ക്. കേന്ദ്രം സഹായിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്താമെന്ന സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷയ്ക്കു വലിയ തിരിച്ചടിയാണു നികുതി പിരിവിലെ മോശം പ്രകടനം.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലക്ഷ്യമിട്ടതിന്റെ 76% നികുതി പിരിച്ചപ്പോൾ ഇക്കുറി ഇത് 73 ശതമാനത്തിലേക്കു താഴ്ന്നു. ജിഎസ്ടി, ഭൂമി റജിസ്ട്രേഷൻ, ഭൂനികുതി, സെയിൽസ് ടാക്സ്, എക്സൈസ് ഡ്യൂട്ടി, കേന്ദ്ര നികുതി വിഹിതം തുടങ്ങിയവ ഉൾപ്പെട്ടതാണു നികുതി വരുമാനം. ഇതിൽ ജിഎസ്ടി വരുമാനത്തിൽ മാത്രമാണു സർക്കാരിനു കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. 1.74 ലക്ഷം കോടിയായിരുന്നു ഇൗ വർഷത്തെ ആകെ ചെലവായി സർക്കാർ കണക്കുകൂട്ടി.തെങ്കിലും ജനുവരി വരെ 1.24 ലക്ഷം കോടിയാണു ചെലവിട്ടത്. പലിശ, ശമ്പളം എന്നിവയ്ക്കുള്ള ചെലവ് കഴിഞ്ഞ വർഷത്തെക്കാൾ കൂടിയപ്പോൾ പെൻഷൻ, സബ്സിഡി ചെലവുകൾ കുറഞ്ഞു.
ഉടൻ കേന്ദ്രം തരേണ്ടതെന്ന് കേരളം പറയുന്നത്: 13,609 കോടി
∙ ഊർജ മേഖലയിലെ പരിഷ്കാരങ്ങൾക്കു തരേണ്ടത്: 4,866 കോടി
∙ പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം ക്രമപ്പെടുത്തി നൽകേണ്ടത്: 4,323 കോടി
∙ കഴിഞ്ഞ വർഷത്തെ വായ്‌പാനുമതിയിൽ ബാക്കിയുള്ളത്: 1,877 കോടി
∙ പുനർവായ്‌പ (റീപ്ലെയ്‌സ്‌മെന്റ് ലോൺ) ഇനത്തിൽ: 2,543 കോടി