8 വർഷത്തിനിടെ മോട്ടർ വാഹനവകുപ്പ് മുൻകൂറായി പിരിച്ചത് 3977.64 കോടി
Mail This Article
കോട്ടയം ∙ കഴിഞ്ഞ 8 വർഷത്തിനിടെ മോട്ടർ വാഹന വകുപ്പ് വിവിധ സേവനങ്ങൾക്കു മുൻകൂറായി ഫീസിനത്തിൽ മാത്രം പിരിച്ചതു 3977.64 കോടി രൂപ. ഇത്രയും കോടികൾ പിരിച്ചു കയ്യിൽ വച്ചിട്ടാണു സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞു ജനങ്ങൾക്കു ലഭിക്കേണ്ട സേവനം നിഷേധിക്കുന്നത്.
ലൈസൻസ്, ആർസി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയുടെ അച്ചടി പുനരാരംഭിക്കാത്ത സാഹചര്യത്തിലാണു പിരിച്ച കണക്കുകൾ പുറത്തുവരുന്നത്. 2016 മുതൽ 2023 നവംബർ വരെ പിരിച്ച തുകയാണു 3977.64 കോടിയെന്നാണു വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
പണം നൽകാത്തതിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനു നൽകി വരുന്ന സേവനങ്ങൾ അവസാനിപ്പിക്കാൻ സി–ഡിറ്റും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി സി–ഡിറ്റ് നൽകി വരുന്ന സേവനങ്ങൾക്കുള്ള തുക മോട്ടർ വാഹന വകുപ്പ് നൽകിയിട്ടില്ല. സി – ഡിറ്റിനു പണം കൊടുക്കുന്നതു പൊതുജനങ്ങളുടെ സേവനത്തിനു സർവീസ് ചാർജായി പിരിക്കുന്ന തുകയിൽ നിന്നാണ്. 2022–23 സാമ്പത്തിക വർഷം മാത്രം സർവീസ് ചാർജ് ഇനത്തിൽ പിരിച്ചതു 48.95 കോടിയാണ്.
കണക്ക് ഇങ്ങനെ: വർഷം, തുക (കോടിയിൽ)
2016 308.20
2017 537.59
2018 443.64
2019 405.99
2020 368.20
2021 418.85
2022 614.53
2023 880.64