കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി ഒരു കൊല്ലം കൂടി; സമയപരിധി നീട്ടുന്നത് തുടർച്ചയായി 5-ാം വർഷം
Mail This Article
തിരുവനന്തപുരം∙ ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു കൊല്ലത്തേക്കു കൂടി നീട്ടി സംസ്ഥാന വനം വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിറക്കി. നിലവിലെ കാലാവധി മേയ് 27 ന് അവസാനിക്കും. അതിനുശേഷമാണ് ഒരു വർഷം കൂടി നീട്ടിക്കിട്ടുക. തുടർച്ചയായി അഞ്ചാം വർഷമാണ് സമയപരിധി നീട്ടുന്നത്.
കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 62–ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം സംസ്ഥാന നിയമസഭ കഴിഞ്ഞ മാസം 14 ന് ഐകകണ്ഠ്യേന പാസാക്കിയിരുന്നു.
എന്നാൽ ഈ ശുപാർശയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതു വരെ അംഗീകാരം നൽകിയിട്ടില്ല. 2022–23 ൽ കേരളത്തിൽ 1524 കാട്ടുപന്നി ആക്രമണങ്ങളിലായി 7 പേരാണ് കൊല്ലപ്പെട്ടത്. 261 പേർക്ക് പരുക്കേറ്റു. 1252 പേരുടെ കൃഷിക്ക് നാശമുണ്ടായി .