സിപിഐയിൽ ‘മാവേലിക്കര തർക്കം’: അരുണിനു പിന്നിൽ ആലപ്പുഴക്കാർ; പ്രിജി ശശിധരനു വേണ്ടി കൊല്ലം
Mail This Article
തിരുവനന്തപുരം ∙ സിപിഐ നിർവാഹകസമിതി യോഗത്തിൽ മാവേലിക്കരയിലെ സ്ഥാനാർഥിത്വം സംബന്ധിച്ചു ഭിന്നത. കൊല്ലം, ആലപ്പുഴ ജില്ലാ കൗൺസിലുകളുടെ വികാരം വ്യക്തമാക്കിയാണു 2 ജില്ലകളിൽ നിന്നുള്ള നിർവാഹകസമിതി അംഗങ്ങൾ തർക്കത്തിലേർപ്പെട്ടത്. എഐവൈഎഫ് നേതാവ് സി.എ.അരുൺകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന് ആലപ്പുഴയിൽ നിന്നുള്ളവർ ആവശ്യപ്പെട്ടപ്പോൾ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് നേതാവുമായ പ്രിജി ശശിധരനെയാണ് കൊല്ലത്തു നിന്നുള്ളവർ നിർദേശിച്ചത്.
കൃഷി മന്ത്രി പി.പ്രസാദിന്റെ സ്റ്റാഫിലുള്ള അരുണിനെ സ്ഥാനാർഥിയാക്കേണ്ട സാഹചര്യമില്ല എന്നായിരുന്നു കൊല്ലത്തു നിന്നുള്ളവരുടെ വാദം. പട്ടികജാതി വിഭാഗത്തിൽപെട്ട യുവ വനിതാ സ്ഥാനാർഥി പ്രിജി ശശിധരൻ അനുയോജ്യയാണെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ, അരുണിനു പിന്നിൽ ആലപ്പുഴക്കാർ ഉറച്ചുനിന്നു.
തർക്കം മൂത്തപ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. നേതൃതല ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ താൻ പ്രഖ്യാപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മാവേലിക്കരയിൽ അരുണിന്റെ പേര് അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്നു നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നില്ല. എന്നാൽ, മത്സരിക്കാനുള്ള വിമുഖത പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. അച്ചടക്കമുളള പാർട്ടി അംഗം എന്ന നിലയിൽ പാർട്ടിയുടെ തീരുമാനം അംഗീകരിക്കണമെന്ന് ബിനോയ് അഭ്യർഥിച്ചു.
മാവേലിക്കര സ്ഥാനാർഥിയുടെ കാര്യത്തിൽ തർക്കമുണ്ടായിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, ഉത്തരേന്ത്യയ്ക്കു പകരം കേരളത്തിൽ വന്ന് ഇടതുപക്ഷത്തിനെതിരെയാണോ മത്സരിക്കേണ്ടതെന്ന് രാഹുലും കോൺഗ്രസും ചിന്തിക്കണം. ആരാണ് മുഖ്യ എതിരാളി എന്നു കോൺഗ്രസ് ആലോചിക്കണം. കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ കാറ്റാണെന്നും അദ്ദേഹം പറഞ്ഞു.