ADVERTISEMENT

തിരുവനന്തപുരം ∙ ബഹിരാകാശത്തേക്കു പറക്കാൻ ഒരു മലയാളി... കഴിഞ്ഞ ദിവസം ഗഗൻയാൻ സഞ്ചാരികളുടെ പട്ടികയിലെ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിന് 38 വർഷം മുൻപ് ഇതേ അവസരം ‘നാസ’യിൽ നിന്നു തേടിയെത്തിയ ആളാണ് തിരുവനന്തപുരം വഴുതക്കാട് നിർവൃതിയിൽ പി.രാധാകൃഷ്ണൻ (80). എല്ലാ കടമ്പകളും കടന്ന്, ബഹിരാകാശ യാത്രയ്ക്ക് മാസങ്ങൾ മാത്രം ശേഷിക്കെ, ലോകത്തെ നടുക്കിയ ചാലഞ്ചർ സ്പേസ് ഷട്ടിൽ ദുരന്തത്തിൽ ആ അവസരവും നഷ്ടമായി.

Read Also: ഗഗൻയാൻ: കഠിനപരിശീലനം, കൗതുക ശീലങ്ങൾ...

1967ൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (ടേൾസ്) ഇലക്ട്രോണിക്സ് വിഭാഗം എൻജിനീയറായി രാധാകൃഷ്ണൻ ജോലിയിൽ കയറി. 1985 ൽ ഐഎസ്ആർഒ ഒരു വിജ്ഞാപനം ഇറക്കി:  ‘നാസയുടെ സ്പേസ് ഷട്ടിലിൽ ഇൻസാറ്റ് 1സി, ഇൻസാറ്റ് 1ഡി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമ്പോൾ പേലോഡ് സ്പെഷലിസ്റ്റ് ആയി യാത്ര ചെയ്യാൻ താൽപര്യവും യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം’. തൊട്ടു മുൻപത്തെ വർഷമാണ് രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്.

നാനൂറോളം അപേക്ഷകളെത്തി. ശാരീരികവും മാനസികവുമായ പല പരീക്ഷണങ്ങൾ താണ്ടി രാധാകൃഷ്ണനും ബെംഗളൂരു സ്വദേശി എൻ.സി.ഭട്ടും യോഗ്യത നേടി. തുടർന്ന്, യുഎസിൽ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ വീണ്ടും പരിശോധനകൾ, അഭിമുഖങ്ങൾ, ചർച്ചകൾ. ഒടുവിൽ നാസയും ഇവരെ അംഗീകരിച്ചു. 

1986 സെപ്റ്റംബറിൽ ചാലഞ്ചർ സ്പേസ് ഷട്ടിലിലാണ് യാത്ര. അതിനായി ജനുവരിയിൽത്തന്നെ രാധാകൃഷ്ണനും ഭട്ടും യുഎസിലെത്തി. ജനുവരി 28. ഇരുപത്തഞ്ചോളം ബഹിരാകാശ സർവീസുകൾ അതിനകം പൂർത്തിയാക്കിയ ചാലഞ്ചർ ഷട്ടിൽ ഒരു ദൗത്യത്തിനു പുറപ്പെട്ടു. രാധാകൃഷ്ണൻ ടിവിയിൽ തത്സമയം കണ്ടു കൊണ്ടിരിക്കെ, 72–ാം സെക്കൻഡിൽ ചാലഞ്ചർ ഒരു അഗ്നിഗോളമായി പൊട്ടിത്തകർന്നു.

യുഎസ് സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. റിപ്പോർട്ട് വരുന്നതുവരെ യാത്രകൾ നിർത്തിവച്ചു. 4 വർഷത്തിനു ശേഷമാണ് ബഹിരാകാശ യാത്രകൾ യുഎസ് പുനരാരംഭിച്ചത്. അപ്പോഴേക്കും പല കാരണങ്ങളാൽ ഇന്ത്യൻ സംഘത്തിന് യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. രാധാകൃഷ്ണൻ 2003ൽ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (എൽപിഎസ്‌സി) നിന്ന് ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. ഭാര്യ രുദ്രാണിക്കും മകൻ ഗൗതമിനും ഒപ്പം വഴുതക്കാട്ടെ വീട്ടിലാണിപ്പോൾ. മകൾ ലക്ഷ്മി യുഎസിലാണ്.

English Summary:

Challenger disaster missed, keralite's first space challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com