പെൻഷൻ മുടങ്ങിയിട്ട് 6 മാസം; കശുവണ്ടിത്തൊഴിലാളി ജീവനൊടുക്കി
Mail This Article
ശാസ്താംകോട്ട (കൊല്ലം) ∙ ആറു മാസത്തിലധികമായി പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കശുവണ്ടിത്തൊഴിലാളിയായ വയോധിക ജീവനൊടുക്കി.
ശാസ്താംകോട്ട ഗ്രാമപ്പഞ്ചായത്തിൽ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കരിന്തോട്ടുവ കുഴീകരിക്കത്തിൽ ബിന്ദു ഭവനം ഓമന(74)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരംകയറ്റ തൊഴിലാളിയായിരുന്ന ഭർത്താവ് വേലായുധൻ (84) രോഗാവസ്ഥയിലായതിനാൽ 5 വർഷമായി കുടുംബം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.
സർക്കാരിൽ നിന്നും ഇരുവർക്കും ലഭിച്ചിരുന്ന പെൻഷനും ഗ്രാമപ്പഞ്ചായത്തിൽ നിന്നും അതിദരിദ്ര കുടുംബങ്ങൾക്ക് അനുവദിക്കുന്ന തുച്ഛമായ സഹായവും മാത്രമായിരുന്നു ആശ്രയം.
പെൻഷൻ മുടങ്ങിയതോടെ മരുന്നു വാങ്ങാൻ പോലും വഴിയില്ലാതായി. മക്കളായ രേണുക, ബിന്ദു എന്നിവർ വിവാഹിതരാണ്. രേണുകയുടെ ഭർത്താവ് ബാലകൃഷ്ണൻ അർബുദ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇളയ മകൾ ബിന്ദുവിനു മാസങ്ങൾക്ക് മുൻപ് ഹൃദയാഘാതം വന്നു. പണമില്ലാത്തതിനാൽ ശസ്ത്രക്രിയ ഉൾപ്പെടെ തുടർചികിത്സ നടത്താനായില്ല. ഓമനയെ വല്ലപ്പോഴും സഹായിച്ചിരുന്ന സഹോദരൻ തങ്കപ്പൻ അടുത്തിടെ കിണറ്റിൽ വീണു പരുക്കേറ്റതോടെ ആകെയുള്ള അത്താണിയും ഇല്ലാതായി.
കുന്നത്തൂർ കശുവണ്ടി കോർപറേഷൻ ഫാക്ടറി തൊഴിലാളിയായിരുന്ന ഓമന 14 വർഷം മുൻപ് പെൻഷനായി. രോഗാവസ്ഥകളിലും ഓമന കുന്നത്തൂരിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിൽ തൊഴിൽ തേടി പോകുമായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷങ്ങളും ബുദ്ധിമുട്ടുകളും ഉള്ളപ്പോൾ ഈ നമ്പറുകളിൽ വിദഗ്ധരുമായി സംസാരിക്കാം: 1056, 0471–2552056.)