4122 കോടി കിട്ടി, ആശ്വാസം; കേന്ദ്രം തന്നത് കിട്ടേണ്ട വിഹിതം: മന്ത്രി ബാലഗോപാൽ
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിന്റെ കടുത്ത നിലപാടു കാരണം സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് അവസാനിച്ചതാണ് ശമ്പളം മുടങ്ങുന്നത്ര പ്രതിസന്ധി ഗുരുതരമാക്കിയത്. കേന്ദ്ര നികുതി വിഹിതമായി 2736 കോടിയും ഐജിഎസ്ടി സെറ്റിൽമെന്റിന്റെ ഭാഗമായി 1386 കോടിയും ഇന്നലെ കിട്ടിയതോടെ കഴിഞ്ഞ 15 ദിവസമായി ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നതു നീങ്ങി. എങ്കിലും ഭരണച്ചെലവുകൾക്കാവശ്യമായ തുക സർക്കാരിന്റെ പക്കലില്ല.
ഇന്ധനക്കമ്പനികളിൽനിന്നു നികുതി വേഗത്തിൽ വാങ്ങിയും ബവ്റിജസ് കോർപറേഷനിൽനിന്നും മറ്റും മുൻകൂർ പണം സ്വീകരിച്ചും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.
കേന്ദ്രം തന്നത് കിട്ടേണ്ട വിഹിതം: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ കേരളത്തിനു സാമ്പത്തിക സഹായം നൽകിയെന്ന പ്രചാരണം ശരിയല്ലെന്നും കിട്ടേണ്ട വിഹിതമാണു കൈമാറിയതെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി വിഹിതമായി 2,736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്റായി 1,386 കോടി രൂപയുമാണ് കിട്ടിയത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തുനിന്നു പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ വിഹിതമാണ് 2,736 കോടി രൂപ. അന്തർ സംസ്ഥാന ചരക്കു നീക്കത്തിനും സേവനത്തിനും ഇൗടാക്കുന്ന ഐജിഎസ്‌ടി കേന്ദ്ര ഖജനാവിലാണ് എത്തുക.
ഇത് സംസ്ഥാനങ്ങൾക്കു വിഭജിച്ചു നൽകുന്നതാണ് രീതി. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐജിഎസ്‌ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ല. സാധാരണഗതിയിൽ, യാതൊരു തർക്കവുമില്ലാതെ കേരളത്തിനു ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്‌പാനുമതി പോലും കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്.
സുപ്രീംകോടതിയിൽ സംസ്ഥാനം നൽകിയ പരാതി പിൻവലിച്ചാൽ ഈ അനുമതി നൽകാമെന്നാണു കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വർധിച്ച ചെലവുകൾ വഹിക്കാൻ സംസ്ഥാനത്തിന് ഉപയോഗിക്കാനാകുന്ന തുകയാണ് ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാൽ, മറ്റു സംസ്ഥാനങ്ങൾക്ക് ഇത്തരം തുകകൾ എടുക്കുന്നതിനുള്ള അനുമതികൾ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.