മറുപടികൾ പരസ്പരവിരുദ്ധം; കെഎസ്ഐഡിസി കബളിപ്പിച്ചോ?
Mail This Article
തിരുവനന്തപുരം∙ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം കെഎസ്ഐഡിസി സമർപ്പിച്ച രേഖയും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖയും പരസ്പരവിരുദ്ധം.
∙ 2023 ഒക്ടോബർ 7ലെ മലയാള മനോരമയുടെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഒക്ടോബർ 27നു കെഎസ്ഐഡിസിയുടെ മറുപടി ഇങ്ങനെ:
‘ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ കണ്ടെത്തലുകളെക്കുറിച്ചു സിഎംആർഎലിനോടു വിവരങ്ങൾ ചോദിച്ചിരുന്നു. എന്നാൽ മറുപടി ലഭ്യമായിട്ടില്ല.’
∙ കഴിഞ്ഞയാഴ്ച കെഎസ്ഐഡിസി ഹൈക്കോടതിയിൽ നൽകിയത്:
2023 ഓഗസ്റ്റ് 14ന് വിശദീകരണം ചോദിച്ചു നൽകിയ കത്ത്, സിഎംആർഎൽ സെപ്റ്റംബർ 20ന് കെഎസ്ഐഡിസിക്കു നൽകിയ മറുപടി എന്നിവയടക്കമുള്ള രേഖകൾ.
∙ ഏതാണ് ശരി?
ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയാണു ശരിയെങ്കിൽ, ഒരു മാസത്തിലേറെയായി സിഎംആർഎലിന്റെ വിശദീകരണം കയ്യിലിരിക്കുമ്പോഴാണു വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ കെഎസ്ഐഡിസി ഇക്കാര്യം മറച്ചുവച്ചതെന്നു കരുതണം. മറിച്ചാണെങ്കിൽ, തങ്ങൾ ആവശ്യമായ ഇടപെടലെല്ലാം നടത്തിയിരുന്നെന്നു കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സിഎംആർഎലിന്റെ വിശദീകരണക്കുറിപ്പിൽ കെഎസ്ഐഡിസി വഴിവിട്ട ഇടപെടൽ നടത്തിയെന്നു സംശയിക്കണം. രണ്ടിലേതെന്നു കെഎസ്ഐഡിസി തന്നെ വിശദീകരിക്കേണ്ടിവരും.
മാധ്യമങ്ങളിലൂടെ സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന്റെ വിവരം അറിഞ്ഞപ്പോൾത്തന്നെ ഇടപെടൽ നടത്തിയിരുന്നതായി കെഎസ് ഐഡിസി അറിയിച്ചപ്പോഴാണ് ഇതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഈ കത്തിടപാടുകളുടെ പകർപ്പ് കോടതിക്കു നൽകി.
കത്തിലെ ചോദ്യങ്ങൾ
ഓഗസ്റ്റ് 14ലെ കത്തിൽ കെഎസ്ഐഡിസി സിഎംആർഎലിനോടു ചോദിച്ച ചോദ്യങ്ങൾ ഇതൊക്കെ:
∙ ഉത്തരവിൽ പറയുന്ന പേയ്മെന്റുകളുടെ നിജസ്ഥിതിയെന്ത്?
∙ കമ്പനി നിയമത്തിനു വിരുദ്ധമായി റിലേറ്റഡ് പാർട്ടി പേയ്മെന്റ് നടന്നോ?
∙ എന്തെല്ലാം സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും കരാർ നൽകി?
∙ ബോർഡിന്റെ അനുമതി വാങ്ങിയിരുന്നോ?
സെപ്റ്റംബർ 20ന് സിഎംആർഎലിന്റെ മറുപടി
2019ലെ ആദായനികുതി വകുപ്പു പരിശോധന, ഇതിനെതിരെ 2020ൽ നൽകിയ സെറ്റിൽമെന്റ് അപേക്ഷ, ഉത്തരവ് എന്നിവയെല്ലാം യഥാസമയം ബോർഡിനെ അറിയിച്ചിരുന്നുവെന്നല്ലാതെ, കെ എസ്ഐഡിസിയുടെ പ്രധാന ചോദ്യങ്ങൾക്കൊന്നും മറുപടിയില്ല.