ഭൂമി കൈമാറൽ ശുപാർശ റദ്ദാക്കണമെന്ന് കുഴൽനാടൻ
Mail This Article
തിരുവനന്തപുരം ∙ കെആർഇഎംഎല്ലിന് 51 ഏക്കർ ഭൂമി പതിച്ചു നൽകണമെന്ന ആലപ്പുഴ ജില്ലാ സമിതി ശുപാർശ തന്നെ സർക്കാർ റദ്ദാക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ജില്ലാ സമിതി ശുപാർശ റവന്യു വകുപ്പ് തള്ളിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2023 ഓഗസ്റ്റിലാണ് ഈ ഉത്തരവ് വന്നത്. കോടതിയെ ചാരി രക്ഷപ്പെടാനാണു സർക്കാർ ശ്രമം. ജില്ലാ സമിതി ശുപാർശ റദ്ദാക്കിയില്ലെങ്കിൽ കോടതിയെ ചാരി സർക്കാരിന് രക്ഷപ്പെടാം. ചങ്ങാത്ത മുതലാളിത്തം എന്തെന്ന് പാർട്ടി ക്ലാസിൽ പറയുമ്പോൾ ഈ ഉദാഹരണം മന്ത്രി പി.രാജീവ് എടുത്തുപറയണമെന്നു കുഴൽനാടൻ പരിഹസിച്ചു. ഭൂമി പതിച്ചുനൽകണമെന്ന ജില്ലാ സമിതി ശുപാർശ നിയമവിരുദ്ധമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.
ഇക്കാര്യം മന്ത്രി കെ.രാജനോടു താൻ ആവശ്യപ്പെട്ടിരുന്നു. ജില്ലാ സമിതി ശുപാർശ കെആർഇഎംഎല്ലിന് അനുകൂലമായാണു നിൽക്കുന്നത്. അങ്ങനെ നിന്നാൽ കോടതിയിൽ നിന്നു വീണ്ടും കമ്പനിക്ക് അനുകൂലമായ വിധി വരും. റവന്യു വകുപ്പിന്റെ ഉത്തരവ് വീണ്ടും കോടതി തള്ളും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളും പരിപാടികളും മുറുകെപ്പിടിക്കുന്നവർ ഇതൊക്കെ അന്വേഷിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.