2.67 കോടിയുടെ സൈബർ തട്ടിപ്പ്: ഒരാൾകൂടി പൊലീസ് കസ്റ്റഡിയിൽ
Mail This Article
ആലപ്പുഴ∙ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്നു വിശ്വസിപ്പിച്ച് മാന്നാർ സ്വദേശിയിൽ നിന്നു 2.67 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾകൂടി പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞദിവസം മലപ്പുറം കാവന്നൂർ സ്വദേശികളായ മൂന്നുപേർ അറസ്റ്റിലായിരുന്നു. മാന്നാർ സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത പണം അക്കൗണ്ടിൽ നിന്നു പിൻവലിക്കാൻ സഹായിച്ചവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം അറസ്റ്റിലായ 3 പേരും ചേർന്ന് 1.10 കോടി രൂപയാണു മൂന്നു മാസത്തിനുള്ളിൽ വിവിധ അക്കൗണ്ടുകളിൽ നിന്നായി പിൻവലിച്ചത്. എന്നാൽ ഈ തുക പൂർണമായും മാന്നാർ സ്വദേശിയിൽ നിന്നു തട്ടിയെടുത്തതാണോയെന്നു പൊലീസിനു വ്യക്തത വന്നിട്ടില്ല. മലപ്പുറത്തു സമാനമായ മറ്റൊരു തട്ടിപ്പു കേസിലെ പണവും പിൻവലിച്ചെന്നു സംശയമുണ്ട്.
മണിപ്പുർ സ്വദേശിയുടെ പേരിൽ മണിപ്പുരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചുള്ള സമൂഹമാധ്യമ അക്കൗണ്ട് വഴിയാണു മാന്നാർ സ്വദേശിയുമായി തട്ടിപ്പു സംഘം ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞവർഷം ഡിസംബർ മുതൽ ജനുവരി 20 വരെ 32 ഇടപാടുകളിലായാണ് 2.67 കോടി രൂപ തട്ടിയെടുത്തത്.
എന്നാൽ മണിപ്പുരിലെ സാമൂഹികാന്തരീക്ഷം മോശമായതിനാൽ അവിടെയെത്തി അന്വേഷണം നടത്തുന്നതിനു പൊലീസിനു പരിമിതിയുണ്ട്. അതേസമയം മാന്നാർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു പണം സ്വീകരിച്ച സ്മോൾ ഫിനാൻസ് ബാങ്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു പൊലീസ് പറഞ്ഞു.
പണം കൈമാറിയത് ആർക്കെന്ന് അറിയില്ല
അക്കൗണ്ടിൽ നിന്നു പിൻവലിച്ച പണം കൈപ്പറ്റിയവരെ നേരിട്ടു പരിചയമില്ലെന്നാണ് അറസ്റ്റിലായവർ പറയുന്നത്. അതിനാൽ ഇവരുടെ ഫോൺവിളി വിവരങ്ങൾ ശേഖരിച്ചു കൂടുതൽ പേരിലേക്ക് എത്താനാണു പൊലീസ് ശ്രമം. പണം കൈമാറ്റവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ കൊടുവള്ളി സ്വദേശിയായ ഐടി വിദഗ്ധൻ ഷുഹൈബിന്റെ പാസ്പോർട്ട് വിവരങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങി. പണം പിൻവലിക്കാൻ സഹായിച്ചെന്നു കരുതുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏതാനും പേർ കൂടി പൊലീസ് നിരീക്ഷണത്തിലാണ്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ്.അരുണിനാണ് അന്വേഷണച്ചുമതല.