പൂക്കോട് വെറ്ററിനറി കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചു; ഹോസ്റ്റലുകളിൽ കൂടുതൽ സിസിടിവികൾ സ്ഥാപിച്ചു
Mail This Article
വൈത്തിരി∙ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെ തുടർന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജിൽ ഇന്നലെ ക്ലാസുകൾ പുനരാരംഭിച്ചു. പെൺകുട്ടികളിൽ ഏറെയും ക്യാംപസിൽ എത്തിയെങ്കിലും ആൺകുട്ടികളിൽ ഭൂരിഭാഗവും എത്തിയില്ല.
സിദ്ധാർഥന്റെ മരണത്തിന്റെ പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ 4നാണ് കോളജിന് അവധി പ്രഖ്യാപിച്ചത്. അതേസമയം, പുതിയ വൈസ് ചാൻസലർ അധികാരമേറ്റതോടെ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കിത്തുടങ്ങി. സുരക്ഷയുടെ ഭാഗമായി ഹോസ്റ്റലുകളിൽ കൂടുതൽ സിസിടിവികൾ സ്ഥാപിച്ചു. ഹോസ്റ്റൽ ചുമതല കൂടുതൽ അധ്യാപകർക്ക് നൽകാനുള്ള നടപടികളും തുടങ്ങി.
ക്യാംപസിനുള്ളിൽ വിദ്യാർഥികളുടെ സഞ്ചാരത്തിന് സമയ നിയന്ത്രണം കൊണ്ടുവരണമെന്ന് ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. വരുംദിവസങ്ങളിൽ ഇതടക്കമുള്ള കൂടുതൽ നടപടികളുണ്ടായേക്കും. ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമർദനത്തിനും പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ ശമ്പളം മുടങ്ങി
കൽപറ്റ∙ സർക്കാർ വിഹിതം കിട്ടാതായതോടെ പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ ശമ്പള വിതരണം മുടങ്ങി. 1250 ജീവനക്കാർക്കാണ് ശമ്പളം കിട്ടാത്തത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പള വിതരണം ഇനിയും വൈകിയേക്കുമെന്നാണു സൂചന.
വർഷം തോറും 95 കോടി രൂപ ശമ്പളം, സർവകലാശാലയുടെ മറ്റു ചെലവുകൾ എന്നിവയ്ക്കായി ബജറ്റിൽ അനുവദിക്കും. മാസംതോറുമാണ് വിഹിതം നൽകുക. ഇത്തവണ കിട്ടാനുള്ള 7.86 കോടി രൂപയാണ് ഇതുവരെ നൽകാത്തത്. സർവകലാശാലയിലും മറ്റ് 7 കേന്ദ്രങ്ങളിലുമായി 9.7 കോടി രൂപ വേണം ശമ്പളം നൽകാൻ. ഇറച്ചിക്കോഴി, കോഴിമുട്ട തുടങ്ങിയവ വിൽപന നടത്തിയുള്ള തുകയും വിദ്യാർഥികളുടെ വാർഷിക ഫീസുമാണ് പ്രധാന വരുമാന മാർഗം. ഫാം ഉൽപന്നങ്ങൾക്ക് പ്രതീക്ഷിച്ച വരുമാനമില്ലാത്തതിൽ കുറച്ചു വർഷങ്ങളായി വൻ സാമ്പത്തിക പ്രതിസന്ധിയും സർവകലാശാല നേരിടുന്നുണ്ട്.