പിടിവാശി വിട്ട് കെഎംഎംഎൽ; അഭിഭാഷകയ്ക്ക് നിയമനം നൽകും
Mail This Article
കൊല്ലം ∙ എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഒന്നാമതെത്തിയ അഭിഭാഷകയ്ക്ക് ലീഗൽ ഓഫിസർ തസ്തികയിൽ നിയമനം നൽകാൻ ഒടുവിൽ കെഎംഎംഎൽ തീരുമാനിച്ചു. ഇവർ ഒരു വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഇവർ ഇന്നലെ ജോലിയിൽ പ്രവേശിച്ചു. അഭിഭാഷകയ്ക്ക് കെഎംഎംഎൽ ജോലി നിഷേധിച്ചത് പുറത്തു കൊണ്ടുവന്നത് ‘മനോരമ’യാണ്.
അന്തരിച്ച ആർഎസ്പി നേതാവിന്റെ മകൾ ചവറ കുളങ്ങര ഭാഗം കറുകശ്ശേരിൽ വീട്ടിൽ ഡിക്രൂസ് അനിഷ എന്ന എൽഎൽബി, എൽഎൽഎം ബിരുദധാരിയാണു വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലുമായി നിയമ പോരാട്ടം നടത്തി അർഹതപ്പെട്ട ജോലി നേടിയെടുത്തത്.
4 സെക്കൻഡിന്റെ പേരു പറഞ്ഞ് സർക്കാർ സർവീസിൽ ജോലി നിഷേധിച്ച കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണനു ശേഷം മനോരമയുടെ ഇടപെടലിലൂടെ ജോലി ലഭിക്കുന്ന മറ്റൊരാളായി ഡിക്രൂസ് അനിഷ. ലീഗൽ ഓഫിസർ നിയമനം സംബന്ധിച്ച് കെഎംഎംഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ അവതരിപ്പിക്കാനുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ‘മനോരമ’ ലേഖകൻ ജയചന്ദ്രൻ ഇലങ്കത്തിനെ ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു വിളിച്ചുവരുത്തിയത്.
കമ്പനിയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനെ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലീഗൽ ഓഫിസറായി പിൻവാതിലിലൂടെ നിയമിക്കാൻ നീക്കം നടന്നിരുന്നു. ഇതു പാളിയതോടെ നിയമന നടപടികൾക്കായി തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിനെ (സിഎംഡി) കെഎംഎംഎൽ ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ എഴുത്തുപരീക്ഷയും മേയിൽ അഭിമുഖവും നടത്തി.
പ്രതിമാസം 40000 രൂപ ശമ്പളത്തിനു ഒരു വർഷത്തേക്കു നിയമനത്തിനു തിരഞ്ഞെടുത്തുവെന്നു കാണിച്ച് ഡിക്രൂസ് അനിഷയ്ക്കു സിഎംഡിയിൽ നിന്ന് ഓഫർ ഓഫ് അപ്പോയിന്റ്മെന്റ് കിട്ടി. ഇതുമായി കെഎംഎംഎലിൽ എത്തിയെങ്കിലും ജോലിയിൽ ചേരാൻ അനുവദിച്ചില്ല. ജോലിയിൽ ചേരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ കെഎംഎംഎലിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജോലിയിൽ ചേരാൻ അപേക്ഷക അർഹയാണെന്നു കോടതി കണ്ടെത്തി. കെഎംഎംഎൽ അപ്പീൽ പോയെങ്കിലും അതും തള്ളി. തുടർന്നാണ് ജോലി നൽകാൻ കമ്പനി നിർബന്ധിതമായത്.