കെട്ടിട നിർമാണം വൈകി; ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ച എൽപി സ്കൂൾ പ്രവർത്തനം ഉത്സവകാലത്ത് അയലത്തെ വീട്ടിൽ
Mail This Article
ചെറുവത്തൂർ (കാസർകോട്) ∙ പൊളിച്ചുനീക്കിയ സ്കൂളിനു പകരം കെട്ടിടമുയരാൻ 2 വർഷം വൈകിയതോടെ കിടപ്പുമുറികൾ ക്ലാസ് മുറികളാക്കേണ്ടി വന്നു. 50 കുരുന്നുകൾ കളിസ്ഥലമാക്കിയത് ആ വീടിന്റെ മുറ്റവും.
മയിച്ച ഗവ. എൽപി സ്കൂളിലെ ക്ലാസുകൾ ഇന്നലെ നടന്നതു സമീപവാസിയുടെ വീട്ടിലായിരുന്നു. അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം 2 വർഷം മുൻപു പൊളിച്ചുമാറ്റിയ ശേഷം മയിച്ച–വെങ്ങാട്ട് വയൽക്കര ക്ഷേത്രം ഓഡിറ്റോറിയത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. എന്നാൽ, പൂരോത്സവം തുടങ്ങിയതോടെ കുട്ടികൾക്കും അധ്യാപകർക്കും അവിടെനിന്നു മാറേണ്ടി വന്നു.
പരേതനായ മുൻ അധ്യാപകൻ കെ.അമ്പാടിയുടെ വീട് വിദ്യാലയമായി പ്രവർത്തിക്കാൻ വീട്ടുകാർ വിട്ടുകൊടുത്തു. ആകെ 4 ഡിവിഷനുകളുള്ള സ്കൂളിലെ 3 ഡിവിഷനുകൾ 3 കിടപ്പ് മുറികളിലും മറ്റൊന്ന് നടുമുറ്റത്തുമായി പഠനം നടത്തി. ഉച്ചക്കഞ്ഞി വീടിന്റെ അടുക്കളയിൽ ഉണ്ടാക്കി.
സാങ്കേതികത്വത്തിൽ കുരുങ്ങിയ കെട്ടിടനിർമാണ ഫണ്ടിനു ഭരണാനുമതി ലഭിച്ചതു കഴിഞ്ഞദിവസമാണ്. എം.രാജഗോപാലൻ എംഎൽഎ ഇടപെട്ട് 2.99 കോടി രൂപ കാസർകോട് വികസന പാക്കേജിൽനിന്നാണ് അനുവദിച്ചത്. ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഒരു കോടി രൂപയാണ് അനുവദിച്ചതെങ്കിലും പിന്നീട് സുരക്ഷ കണക്കിലെടുത്ത് എസ്റ്റിമേറ്റിൽ മാറ്റം വരുത്തി.
ക്ഷേത്രത്തിന്റെ സഹായം കൊണ്ടു മാത്രമാണ് കഴിഞ്ഞ 2 വർഷമായി വിദ്യാലയത്തിന്റെ പ്രവർത്തനം മുന്നോട്ടുപോയത്. വാടക ഈടാക്കാതെയും കറന്റ് ബിൽ അടച്ചും ക്ഷേത്ര ഭാരവാഹികൾ പഠനത്തിനു സഹായമൊരുക്കി. പൂരോത്സവം തുടങ്ങിയതോടെ ക്ഷേത്ര സമിതിയുമായി ആലോചിച്ചാണ് പിടിഎ സമീപത്തെ വീടു കണ്ടെത്തിയത്.