വീട്ടിൽ ജപ്തി നോട്ടിസ്: ഗൃഹനാഥൻ മസ്കത്തിൽ ജീവനൊടുക്കി
Mail This Article
ഓച്ചിറ (കൊല്ലം) ∙ വായ്പ കുടിശിക കാരണം വീടും വസ്തുവും ജപ്തി ചെയ്യാൻ കേരള ബാങ്ക് അധികൃതർ ബോർഡ് വച്ചതിനെത്തുടർന്നു പ്രവാസി മസ്കത്തിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ. ക്ലാപ്പന ചാലപ്പളളിൽ ലക്ഷം വീട് കോളനിയിൽ കൊച്ചുതറയിൽ (ചൈത്രം) വിജയൻ (61) ആണു മരിച്ചത്. 30 വർഷമായി ഇബ്രിയിൽ ഇലക്ട്രിഷ്യനായി ജോലിചെയ്യുകയായിരുന്നു. മൃതദേഹം ഇബ്രിയിലെ ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച 12നാണു കേരള ബാങ്ക് വള്ളിക്കാവ് ശാഖയിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി വീടും വസ്തുവും ഏറ്റെടുത്തതായി ബോർഡ് സ്ഥാപിച്ചത്.
2016ലാണു വിജയൻ നാലു സെന്റിലെ വീട് നവീകരിക്കുന്നതിനായി 7 ലക്ഷം രൂപ വായ്പയെടുത്തത്. പല തവണയായി 4 ലക്ഷം രൂപയോളം അടച്ചു. ഇതിനിടെ, വിജയൻ ഹൃദ്രോഗ ബാധിതനായി. കോവിഡ് കാലം കൂടിയായതോടെ വായ്പ കുടിശിക അടയ്ക്കാൻ സാധിച്ചില്ല. 12,59,046 രൂപ കുടിശികയായെന്ന നോട്ടിസ് കഴിഞ്ഞ നവംബറിൽ വിജയന്റെ വീട്ടുകാർക്കു ബാങ്ക് നൽകിയിരുന്നു. ഒരു വർഷം മുൻപു ചികിത്സയ്ക്കായാണു വിജയൻ നാട്ടിലെത്തിയത്. ഒട്ടേറെപ്പേരുടെ സഹായത്തോടെയാണു ചികിത്സ നടത്തിയതും. വായ്പ അടച്ചു തീർത്തിട്ടു തിരികെ വരാം എന്നു പറഞ്ഞാണു വിദേശത്തേക്കു മടങ്ങിപ്പോയതെന്നു ബന്ധുക്കൾ പറയുന്നു.
വിജയന്റെ ഏകമകൻ മകൻ വിമൽ രണ്ടു മാസം മുൻപാണു സൗദിയിൽ ജോലി തേടി പോയത്. ഭാര്യ: മമി. മാതാവ്: ചെല്ലമ്മ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നാട്ടിലെത്തിക്കും. വർഷങ്ങളായി വായ്പ കുടിശിക വരുത്തിയതിനാലാണു കഴിഞ്ഞ ദിവസം വീട്ടിൽ ബോർഡ് സ്ഥാപിച്ചതെന്നും കുറച്ചു തുകയെങ്കിലും അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും വീട്ടുകാർ തയാറായില്ലെന്നും കേരള ബാങ്ക് വള്ളിക്കാവ് ശാഖ മാനേജർ പറഞ്ഞു.