ADVERTISEMENT

കൽപറ്റ ∙ ജെ.എസ്.സിദ്ധാർഥനെതിരായ ക്രൂര റാഗിങ്ങിലും ആൾക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് അധികൃതർ വിദ്യാർഥികൾക്ക് എതിരെയെടുത്ത നടപടി വിസി നിയമോപദേശം തേടാതെ റദ്ദാക്കി. സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാൽ, സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാർഥികളെ സംരക്ഷിക്കാനാണു ധൃതിപിടിച്ചുള്ള തീരുമാനം. 

സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്നു മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്ക് എതിരെയാണ് ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തു.

എന്നാൽ, സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെ വിസി തിരിച്ചെടുത്തു. ബഹുഭൂരിപക്ഷം പേർക്കും സംഭവത്തിൽ നേരിട്ടു പങ്കില്ലെങ്കിലും കുറച്ചുപേർക്കു മാത്രമായി ശിക്ഷ ഇളവുചെയ്തതിൽ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും ഉണ്ടായെന്നാണ് ആരോപണം. വിസിക്കു കിട്ടിയ അപ്പീൽ ലോ ഓഫിസർക്ക് നൽകാതെ സർവകലാശാല ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിനു മുൻപേ സർവകലാശാല നൽകിയ ശിക്ഷാ ഇളവ്, നിലവിൽ റിമാൻഡിലുള്ള പ്രതികൾക്കു സഹായകരമാകാൻ ഇടയുണ്ടെന്നു നിയമവിദഗ്ധരും പറയുന്നു. 

∙ "സീനിയർ വിദ്യാർഥികളെ തിരിച്ചെടുത്തതായി അറിവില്ല. ഹോസ്റ്റലിൽ ഒരു രാത്രി മാത്രം ഉണ്ടായിരുന്ന ഒന്നാം വർഷക്കാരെയാണു തിരിച്ചെടുത്തത്. അവർ ഈ സംഭവങ്ങളൊന്നും അറിഞ്ഞിട്ടില്ല. സസ്പെൻഷൻ ഉത്തരവ് കുട്ടികൾക്കു കിട്ടിയിരുന്നുമില്ല. അതുകൊണ്ടാണു നിയമോപദേശം തേടാതിരുന്നത്." - ഡോ. പി.സി. ശശീന്ദ്രൻ വൈസ് ചാൻസലർ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി 

വിദ്വേഷപ്രചാരണം: കേസ് എടുത്തു

സിദ്ധാർഥന്റെ മരണത്തിൽ വിദ്വേഷപ്രചാരണം നടത്തിയ കെ.ജാമിദയ്ക്കെതിരെ കേസ്. സിദ്ധാർഥനെ അടിച്ചുകൊല്ലുന്നതു കണ്ടാസ്വദിച്ച തട്ടമിട്ടവളുമാരെ തൂക്കിക്കൊല്ലണം... എന്നിങ്ങനെ ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ വിദ്വേഷ പരാമർശങ്ങളുള്ള ഒട്ടേറെ വിഡിയോ ജാമിദ ടീച്ചർ ടോക്സ് എന്ന യുട്യൂബ് ചാനലിൽ ഇവർ പ്രചരിപ്പിച്ചു. വ്യാജപ്രചാരണത്തിലൂടെ ഇരു മതവിഭാഗങ്ങൾ തമ്മിലെ ഐക്യം തകർക്കാൻ ശ്രമിച്ചതിനാണു വൈത്തിരി പൊലീസ് സ്വമേധയാ കേസ് എടുത്തത്. 

English Summary:

Siddharthan case: Vice Chancellor cancels action against thirty three students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com