ബ്രാൻഡ് മാറി ബ്രാൻഡിയിൽ ഉറച്ച് കേരളം
Mail This Article
തിരുവനന്തപുരം∙ ബ്രാൻഡിയിയിൽനിന്നു പിടിവിടാതെ മലയാളിയുടെ മദ്യപ്രിയം. പതിറ്റാണ്ടുകളായി മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന റമ്മിനെ 2019ലാണ് ബ്രാൻഡി മറികടന്നത്. അന്ന് കേരളം ബ്രാൻഡ് മാറി ബ്രാൻഡിയിലെത്തി. അത് ഇപ്പോഴും തുടരുന്നുവെന്നതാണ് ബവ്കോയുടെ വിൽപനക്കണക്കുകൾ തെളിയിക്കുന്നത്. മദ്യഉപയോഗം കുറയുന്നുവെന്നു സർക്കാർ അവകാശവാദമുണ്ടെങ്കിലും ബാറുകളുടെ എണ്ണം കൂടിയതുകൊണ്ടുതന്നെ ഓരോ വർഷവും മദ്യവിൽപന കൂടിയിട്ടുണ്ട്.
2020–21 വർഷത്തിൽ 3882.305 ലക്ഷം കുപ്പി മദ്യം കേരളത്തിൽ ചെലവായി. 2021–22ൽ ഇത് 4061.016 ലക്ഷം കുപ്പിയായി. 2022–23ൽ 4910.055 ലക്ഷം കുപ്പിവിറ്റു. 2020–21ൽനിന്ന് 2022–23ൽ എത്തുമ്പോൾ 26.46% വർധനയാണ് മദ്യവിൽപനയിൽ.
2020–21ൽ 16.24 കോടി കുപ്പി ബ്രാൻഡിയായിരുന്നു വിൽപന. 2021–22ൽ 16.92 കോടി കുപ്പിയും 2022–23ൽ 19.21 കോടി കുപ്പിയുമായി. ഒരുകാലത്ത് ഒന്നാം സ്ഥാനത്തു നിന്ന റം 2020–21ൽ 12.03 കോടി കുപ്പിയായും 2021–22ൽ 12.31 കോടി കുപ്പിയായും 2022–23 13.51 കോടി കുപ്പിയായും വിൽപനയിൽ രണ്ടാം സ്ഥാനത്തായി.
വിസ്കിയെ പിന്തള്ളി വോഡ്കയാണ് മൂന്നാം സ്ഥാനത്ത് . 2020–21ൽ 1.851 കോടി കുപ്പിയും 2021–22ൽ 1.5 കോടി കുപ്പിയും 2022–23ൽ 1.43 കോടി കുപ്പിയും വിറ്റു. അതിന് താഴെയാണ് വിസ്കിയുടെ കണക്ക്. വിദേശനിർമിത വിദേശമദ്യത്തിന്റെ വിൽപനയിൽ വിസ്കിയാണ് മുന്നിൽ; 2022–23ൽ 2.9 ലക്ഷം കുപ്പി വിസ്കി ചെലവായി.
സർക്കാർ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ‘ജവാൻ’ എന്ന റമ്മിന്റെ പ്രതിദിന ഉൽപാദനം 8000 കെയ്സിൽനിന്ന് 12,000 കെയ്സ് ആയി വർധിപ്പിച്ചെങ്കിലും ബ്രാൻഡിയെ മറികടക്കാനായില്ല.
രണ്ടാം പിണറായി സർക്കാർ വന്നശേഷം 78 ബാറുകൾക്കാണു പുതിയ ലൈസൻസ് നൽകിയത്. ഇപ്പോൾ ബാറുകൾ എണ്ണൂറോളമായി. 40 വർഷം മുൻപ് 55.46 കോടി രൂപയായിരുന്നു മദ്യത്തിൽനിന്ന് സർക്കാരിനു വരുമാനം. 2018–19ൽ 14,508 കോടിയായും 2022–23ൽ ഇത് 18,500 കോടിയായും ഉയർന്നു.
വീര്യം കുറഞ്ഞ മദ്യവുമായി എത്താൻ ബെക്കാഡി
∙ കേരളത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്ക്ക് നികുതിയിളവ് നൽകണമെന്നാവശ്യപ്പെട്ട് അനുമതിക്കായി കാത്തിരിക്കുന്നത് പ്രമുഖ മദ്യക്കമ്പനിയായ ബെക്കാഡി ഗ്രൂപ്പ്. കമ്പനിയുടെ അപേക്ഷയിൽ നികുതി കുറയ്ക്കാനുള്ള ചർച്ചകൾ നടന്നത് പുറത്തായതോടെ പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ഇതിൽ തീരുമാനമുണ്ടാകുമെന്നാണു വിവരം.