സിദ്ധാർഥൻ കേസ്: ശിക്ഷാ ഇളവ് പ്രതികൾക്കു സഹായമാകും
Mail This Article
തിരുവനന്തപുരം /കൽപറ്റ ∙ സിദ്ധാർഥൻ കേസിൽ ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോർട്ട് നൽകുന്നതിനു മുൻപ് ചട്ടവിരുദ്ധമായി സർവകലാശാല പ്രതികൾക്കു നൽകിയ ശിക്ഷാ ഇളവ്, നിലവിൽ റിമാൻഡിലുള്ള പ്രതികൾക്കും ശിക്ഷാ ഇളവ് തേടി കോടതിയെ സമീപിക്കുമ്പോൾ സഹായകരമാകുമെന്നു വിലയിരുത്തപ്പെടുന്നു.
സിദ്ധാർഥന്റെ മരണത്തെക്കുറിച്ചു റിട്ട.ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണം ഇന്നോ നാളെയോ പ്രഖ്യാപിക്കും. വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഈ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തും. സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് ഇന്നലെ വൈകുന്നേരം ഗവർണറെ കണ്ടു സംസാരിച്ചു.
സിദ്ധാർഥന്റെ മരണത്തിൽ നടപടി എടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് അന്നത്തെ വി.സി ഡോ. എം.ആർ.ശശീന്ദ്രനാഥിനെ മാർച്ച് 2ന് ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. പകരമാണ് ഡോ.പി.സി.ശശീന്ദ്രന് ചുമതല നൽകിയത്. ഗവർണറുടെ തീരുമാനത്തിനെതിരെ ഡോ. ശശീന്ദ്രനാഥ് നൽകിയ ഹർജി 28ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
പദവിയിൽ തുടരുന്നതിൽ ചാൻസലർക്ക് താൽപര്യമില്ലെന്നു വന്നാൽ രാജിയല്ലാതെ വേറെ വഴിയില്ലെന്നും വ്യക്തിപരമായ കാരണങ്ങളും രാജിക്കു പിന്നിലുണ്ടെന്നും ഡോ. പി.സി. ശശീന്ദ്രൻ പ്രതികരിച്ചു. ശശീന്ദ്രനു പകരം വി.സിയുടെ ചുമതല ഗവർണർ മറ്റാർക്കെങ്കിലും നൽകും.