അഭിമന്യു വധം: പ്രോസിക്യൂഷൻ പുതിയ പകർപ്പുകൾ ഹാജരാക്കി
Mail This Article
കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം.അഭിമന്യു കൊല്ലപ്പെട്ട കേസിൽ കോടതിയിൽ നിന്നു നഷ്ടപ്പെട്ട രേഖകൾക്കു പകരം പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ നിയമ സാധുതയുള്ളതാണെന്നു നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. നഷ്ടപ്പെട്ട രേഖകൾക്കു പകരം ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു പ്രോസിക്യൂഷൻ പുതിയ പകർപ്പുകൾ വിചാരണക്കോടതിയിൽ ഹാജരാക്കിയത്. ഇതിനു നിയമ സാധുതയുണ്ട്. കോടതിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ പ്രതിഭാഗം പകർപ്പും തുടർനടപടികൾക്കു സഹായകരമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
15–ാം പ്രതിയാണു കുറ്റപത്രത്തിന്റെ പകർപ്പു കോടതിയിൽ നിന്നു കൈപ്പറ്റാതിരുന്നത്. പ്രോസിക്യൂഷൻ രണ്ടാമതു സമർപ്പിച്ച രേഖകളും കോടതിയിൽ കണ്ടെത്തിയ പ്രതിഭാഗത്തിന്റെ പകർപ്പും പരിശോധിക്കാൻ പ്രതിഭാഗത്തിനു 30 വരെ കോടതി അനുവാദം നൽകി. കോടതിയുടെ സേഫ് കസ്റ്റഡിയിൽ നിന്നു രേഖകൾ നഷ്ടപ്പെട്ടതു സംബന്ധിച്ച സമാന്തര അന്വേഷണവും നടക്കുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് അഭിഭാഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു.