സിദ്ധാർഥൻ കേസ്: ചില വിദ്യാർഥികൾക്കു ശിക്ഷാ ഇളവു നൽകിയതിനെ ചോദ്യം ചെയ്ത് ഗവർണർ; വി.സി രാജിവച്ചു
Mail This Article
തിരുവനന്തപുരം/ കൽപറ്റ ∙ കേരള വെറ്ററിനറി സർവകലാശാലാ വി.സി ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ചു. ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 90 പേരെ 7 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതിൽ 33 പേരെ കുറ്റവിമുക്തരാക്കിയ വി.സിയുടെ നടപടി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടു റദ്ദാക്കിയതിനു പിന്നാലെയാണു രാജി. തന്നോടു ഗവർണർ രാജി ചോദിച്ചുവാങ്ങുകയായിരുന്നുവെന്നു വി.സി ഡോ. പി.സി.ശശീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്തെത്തിയ ഉടൻ വി.സിയെ ഫോണിൽ വിളിച്ച ഗവർണർ, അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വിദ്യാർഥികളെ കുറ്റവിമുക്തരാക്കി എന്നു സമ്മതിച്ച് നാലോ അഞ്ചോ വാചകങ്ങളിലുള്ള മറുപടി വി.സി ഇമെയിൽ ചെയ്തു.
സിബിഐ, ജുഡീഷ്യൽ അന്വേഷണങ്ങൾ പ്രഖ്യാപിച്ച സംഭവത്തിൽ ചിലരെ ഏകപക്ഷീയമായി കുറ്റവിമുക്തരാക്കാൻ വി.സിക്ക് എങ്ങനെ സാധിക്കുമെന്നു ഗവർണർ ചോദിച്ചു. ഉത്തരവു റദ്ദാക്കാൻ കർശന നിർദേശം നൽകിയതിനെത്തുടർന്ന് വി.സി 14ന് ഇറക്കിയ ഉത്തരവ് റദ്ദാക്കി. പിന്നാലെ വി.സി രാജിക്കത്ത് രാജ്ഭവനിലേക്ക് അയച്ചു. രാജി ഗവർണർ സ്വീകരിച്ചു. വിദ്യാർഥികളുടെ സസ്പെൻഷൻ പുനഃസ്ഥാപിച്ച് കോളജ് ഡീൻ വിജ്ഞാപനമിറക്കി.
നടപടി നിയമോപദേശം തേടാതെ
സിദ്ധാർഥനെതിരായ ആൾക്കൂട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം മറച്ചുവയ്ക്കുകയോ ചെയ്ത വിദ്യാർഥികൾക്കെതിരെയാണ് ആന്റി റാഗിങ് സ്ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ, സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരെയുൾപ്പെടെ 33 വിദ്യാർഥികളെയാണ് വി.സി തിരിച്ചെടുത്തത്. സസ്പെൻഷനിലായവരുടെ അപ്പീൽ നിയമോപദേശം തേടി ലോ ഓഫിസർക്കു വിടേണ്ടതിനു പകരം സർവകലാശാലയുടെ ലീഗൽ സെല്ലിൽത്തന്നെ തീർപ്പാക്കുകയായിരുന്നു.