ഉറങ്ങിക്കിടക്കവേ കാർ കയറി മരിച്ചു; മൃതദേഹം ഡിക്കിയിലാക്കി പാടത്തു തള്ളി: സ്വർണവ്യാപാരിയും കുടുംബവും പിടിയിൽ
Mail This Article
തൃശൂർ ∙ റോഡരികിൽ ഉറങ്ങിക്കിടന്നയാളുടെ മേൽ കാർ കയറി മരിച്ചതിനെത്തുടർന്ന് മൃതദേഹം ഡിക്കിയിലിട്ട് ആളൊഴിഞ്ഞ പാടത്തു തള്ളിയ സംഭവത്തിൽ സ്വർണവ്യാപാരിയും കുടുംബവും അറസ്റ്റിൽ. ഇക്കണ്ടവാരിയർ റോഡിനു സമീപം പൂനം നിവാസിൽ വിശാൽ ഹർഗോവിന്ദ് സോണി (40), ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവരെയാണു മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയെന്നു സംശയിക്കുന്ന വി.രവിയാണ് (66) കൊല്ലപ്പെട്ടത്. മരണത്തിന്റെ ഉത്തരവാദിത്തം ഏൽക്കേണ്ടിവരുമോയെന്ന ഭയത്താലാണു മൃതദേഹം പാടത്ത് ഉപേക്ഷിച്ചതെന്നു വിശാൽ സമ്മതിച്ചു. വിശാലാണു വണ്ടിയോടിച്ചതും മൃതദേഹം ഡിക്കിയിൽ കയറ്റിയതും. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും കുറ്റകൃത്യത്തിൽ പങ്കാളികളല്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഗുജറാത്ത് സ്വദേശിയായ വിശാലും കുടുംബവും പതിറ്റാണ്ടുകളായി തൃശൂരിലാണു താമസം. ഇവരുടെ വീടിന്റെ ഗേറ്റിനു സമീപം ഇരുട്ടിൽ കിടന്നുറങ്ങുകയായിരുന്ന രവിയുടെ മേൽ കാർ കയറുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 23ന് രാത്രി 9 ന് ആയിരുന്നു സംഭവം.