ADVERTISEMENT

തിരുവനന്തപുരം 

പേപ്പാറയിൽനിന്ന് അരുവിക്കര ശുദ്ധജല സംഭരണിയിൽ എത്തിച്ചു പമ്പ് ചെയ്താണു നഗരത്തിലെ ജലം വിതരണം. 12 ലക്ഷം പേർ അരുവിക്കരയിൽനിന്നുള്ള പൈപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. ജലഅതോറിറ്റിയുടെ കണക്കു പ്രകാരം 85 ദിവസത്തേക്കുള്ള വെള്ളം മാത്രമാണു പേപ്പാറ ഡാമിലുള്ളത്.

 2017 നു ശേഷം കൃത്യമായി വേനൽമഴ ലഭിക്കാറുള്ളതിനാൽ ജലവിതരണം മുടങ്ങിയിട്ടില്ല. എന്നാൽ, ഇത്തവണ മഴ ലഭിക്കുമോ എന്ന ആശങ്കയിലാണ് ജലഅതോറിറ്റി. ജനുവരി മുതൽ വരൾച്ചയെ തുടർന്ന് 77.11 ലക്ഷം രൂപയുടെ വിള നശിച്ചു. 

കൊല്ലം 

ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. കല്ലട പദ്ധതിയിലെ ഇടതുകര, വലതുകര കനാലുകൾ തുറന്നു വിട്ടതു ജലക്ഷാമത്തിന് ഒരുപരിധിവരെ ആശ്വാസമായി.ശാസ്താംകോട്ട തടാകത്തിൽ പമ്പിങ് ലവൽ 90 സെന്റീമീറ്റർ ആയി കുറഞ്ഞു. 

പത്തനംതിട്ട 

നദികളുടെ തീരപ്രദേശങ്ങളിൽപോലും ജലക്ഷാമമുണ്ട്. പമ്പയിലും അച്ചൻകോവിലിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞാൽ‌ ഇവിടെനിന്നു പമ്പിങ് നടത്തുന്ന ശുദ്ധജലപദ്ധതികളെ ബാധിക്കും. ചില മേഖലകളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണു പൈപ്പിൽ വെള്ളമെത്തുന്നത്.

റാന്നി, സീതത്തോട് ഉൾപ്പെടെ കിഴക്കൻ മേഖലയിലെ മിക്ക പ്രദേശത്തും പത്തനംതിട്ട നഗരമേഖലകളിലും ഉൾപ്പെടെ ജലക്ഷാമമുണ്ട്. തിരുവല്ല താലൂക്കിൽ അപ്പർകുട്ടനാട് ഉൾപ്പെടെ ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാണ്.

ആലപ്പുഴ

കുട്ടനാട്ടിലും കിഴക്കൻ മേഖലയിൽ ചെങ്ങന്നൂരിന്റെയും മാവേലിക്കരയുടെയും ഉയർന്ന പ്രദേശങ്ങളിലുമാണു ജലക്ഷാമം. ചിലയിടങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും പര്യാപ്തമല്ല. നീലംപേരൂർ, കാവാലം, പുളിങ്കുന്ന് പഞ്ചായത്തുകളിൽ പ്രശ്നം ഗുരുതരമാണ്. അമ്പലപ്പുഴ മേഖലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതും പ്രശ്നം സൃഷ്ടിക്കുന്നു.

കോട്ടയം

 മലയോര മേഖലയിൽ ആറുകൾ ഒഴുക്കുനിലച്ച സ്ഥിതിയിലാണ്. മണിമലയാറ്റിലെ വെള്ളം വറ്റിയതോടെ മുണ്ടക്കയത്തെ ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ പ്രവർത്തനം നിർത്തി. ജില്ലയിലെ 8 പഞ്ചായത്തുകളും 2 നഗരസഭകളും വരൾച്ചബാധിതമാണെന്നു കാട്ടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ റിപ്പോർട്ട് നൽകി. വനത്തിൽ തീറ്റയും വെള്ളവും കുറഞ്ഞതോടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതും പതിവാണ്. വൈക്കം, കുമരകം പോലുള്ള വേമ്പനാട് കായൽ തീരത്തെ പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമമുണ്ട്.

ഇടുക്കി 

ഹൈറേഞ്ച്, ലോറേഞ്ച് മേഖലകൾ ഒരുപോലെ ജലക്ഷാമം കൊണ്ടു പൊറുതി മുട്ടുകയാണ്. ദിനംപ്രതി 500 രൂപയോളം നൽകി വെള്ളം വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയാണു പലയിടത്തും. മറയൂരിൽ കോവിൽക്കടവ് ഭാഗത്ത് 10 വർഷമായി നേരിടുന്ന ശുദ്ധജലക്ഷാമത്തിനു പരിഹാരം തേടി സ്ത്രീകൾ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. മൂന്നാറിലെ തോട്ടം മേഖല, വട്ടവട, ഇക്കാനഗർ തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമമുണ്ട്. പെരുവന്താനം, കൊക്കയാർ, വാഗമൺ മേഖലകളും ശുദ്ധജലക്ഷാമത്താൽ വലയുകയാണ്. ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം കരുണാപുരം പഞ്ചായത്തിലെ കുരുവിക്കാനം, രാമക്കൽമേട്, മന്തിപ്പാറ തുടങ്ങിയ മേഖലകളിലാണ്.

എറണാകളും

 ജലനിരപ്പു കുറഞ്ഞെങ്കിലും ആലുവയിൽ നിന്നുള്ള പമ്പിങ്ങിനെ ബാധിച്ചിട്ടില്ല. എന്നാൽ ഭൂതത്താൻകെട്ട് ജല സംഭരണിയിൽ ജലനിരപ്പു താഴുന്നതു പെരിയാർവാലി കനാലുകളിൽ വിതരണം പ്രതിസന്ധിയിലാക്കും. ജില്ലയുടെ കിഴക്കൻ മേഖലയിൽ വരൾച്ച രൂക്ഷമാണ്. കാലടി, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തുകളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്നുണ്ട്.

തൃശൂർ

സമീപവർഷങ്ങളിലുണ്ടായതിൽ ഏറ്റവും വലിയ വരൾച്ചാഭീതിയാണു ജില്ല. പീച്ചി, ചിമ്മിനി ഡാമുകളിലെ ജലം ഉപയോഗിച്ചാണു ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ജലസേചനം നടത്തുന്നത്. ഈ ഡാമുകളിൽ ജലനിരപ്പ് അപകടകരമായ നിലയ‍ിലേക്കു താഴ്ന്നിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഡാമുകളിലെ വെള്ളത്തിന്റെ അളവ് 10 ശതമാനത്തിനു താഴെയെത്തും. 

പാലക്കാട് 

ജില്ലയിൽ പലയിടത്തും ശുദ്ധജലം കിട്ടാനില്ല. അട്ടപ്പാടി, മലമ്പുഴ മേഖലകളിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കുന്നുണ്ട്. മലമ്പുഴ ഡാമിലും ജലനിരപ്പു കുറവാണ്. അടിയന്തര ഘട്ടത്തിൽ ഭാരതപ്പുഴയിലേക്കു മലമ്പുഴ ഡാം തുറന്നു വെള്ളം എത്തിക്കേണ്ടി വരുമെന്നു ജല അതോറിറ്റി മുന്നറിയിപ്പു നൽകി. ആളിയാർ ജലം വേണ്ടത്ര ലഭിക്കാത്തതിനെത്തുടർന്നു ചിറ്റൂർപുഴ, ഭാരതപ്പുഴ എന്നിവ സ്രോതസ്സാക്കിയ ശുദ്ധജല പദ്ധതികളിൽ പ്രതിസന്ധിയുണ്ട്. 

മലപ്പുറം 

ഭാരതപ്പുഴയിലെയും ചാലിയാറിലെയും നീരൊഴുക്കു കുറഞ്ഞു. പൊന്നാനി കോളിലെ 2000 ഏക്കർ കൃഷി വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി. നിലമ്പൂർ ജില്ലാ ആശുപത്രിയുടെ പ്രവർത്തനം ജലക്ഷാമത്തിൽ താളംതെറ്റി. കൊണ്ടോട്ടി നഗരസഭ, കരുവാരകുണ്ട് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കുറ്റിപ്പുറം പഞ്ചായത്തിൽ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ജലനിധി വഴി വെള്ളം ലഭിക്കുന്നത്.

കോഴിക്കോട് 

പുതുപ്പാടി ചെറുപ്ലാവ്, കരുവൻകാവ് ഭാഗത്തെ ജലനിധി കിണർ വറ്റി. കുറ്റ്യാടി ചൂരണിമല, പൊലിലോം ചാൽ, പശുക്കടവ്, വണ്ണാത്തിപ്പൊയിൽ, ചെക്കൂറ കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും കിണറുകളും അരുവികളും വറ്റി തുടങ്ങി. നഗരത്തിൽ ചേവായൂർ, ഗുരുവായൂരപ്പൻ കോളജ് പ്രദേശത്തു ക്ഷാമമുണ്ട്. 

വയനാട് 

മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി പഞ്ചായത്തുകളിൽ ക്ഷാമം രൂക്ഷമാണ്. പൂതാടി പഞ്ചായത്തിലെ ചീയമ്പം 73 പട്ടികവർഗ സങ്കേതത്തിൽ 300 കുടുംബങ്ങൾക്കു കുടിവെള്ളമില്ല. മുള്ളൻകൊല്ലി ശശിമലകുന്നിൽ കിണറുകൾ വറ്റിയതിനാൽ കന്നുകാലികളെ വിറ്റ് ഒഴിവാക്കി.

കണ്ണൂർ 

ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. ചെറുപുഴ പഞ്ചായത്തിലെ കക്കോട് ഭാഗത്തും അയ്യങ്കുന്ന് പഞ്ചായത്തിലെ ചില ഭാഗങ്ങളിലും ടാങ്കറിൽ വെള്ളം എത്തിച്ചു തുടങ്ങി. 

കാസർകോട് 

ചന്ദ്രഗിരി, ചിത്താരി, ബേക്കൽ, ഷിറിയ, കാര്യങ്കോട് പുഴകളിലടക്കം ഒഴുക്കു നിലച്ചു. സാധാരണ മേയ് മാസത്തിൽ ഉണ്ടാകാറുള്ള വെള്ളം മാത്രമേ മിക്ക കിണറുകളിലും ഇപ്പോഴുള്ളൂ. തുരങ്കങ്ങൾ ഇത്തവണ നേരത്തേ വറ്റി.

English Summary:

Heat rise in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com