ADVERTISEMENT

വിമാനത്തിൽനിന്നു പുറത്തിറങ്ങുമ്പോൾ തന്നെ അനുഭവപ്പെടുന്ന ഡൽഹിയിലെ രൂക്ഷമായ മലിനീകരണത്തെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രനും ജി.കൃഷ്ണകുമാറും കൊല്ലത്ത് അറബിക്കടലിന്റെ ഓരത്തിരുന്ന് ആശങ്ക പങ്കുവയ്ക്കുമ്പോഴാണ് മുകേഷ് കടന്നുവന്നത്. അൽപനേരം കേട്ടിരുന്ന മുകേഷിന്റെ മാസ് ഡയലോഗ്– ‘ഞാൻ ഡൽഹിയിലേക്കു വരാതിരിക്കാൻ രണ്ടു പേരും കൂടി എന്നെ പേടിപ്പിക്കുകയാണ്’. പൊട്ടിച്ചിരികൾക്കിടയിൽ അടുത്ത ഡയലോഗ്– ‘അനുഭവിക്കേണ്ടത് അനുഭവിച്ചേ തീരൂ’.  മലയാള മനോരമ ഒരുക്കിയ ‘പോൾ കഫേ’യിൽ ആയിരുന്നു മൂവരുടെയും ഒത്തുചേരൽ.

ചർച്ചയ്ക്കായി ആദ്യമെത്തിയത് ആർഎസ്പിയുടെ പ്രേമചന്ദ്രൻ. തൊട്ടുപിന്നാലെ ബിജെപിയിലെ കൃഷ്ണകുമാറുമെത്തി. തിരഞ്ഞെടുപ്പ് തന്നെ ആരോഗ്യപരമായ സംവാദമായിരിക്കണമെന്നു പ്രേമചന്ദ്രൻ പറഞ്ഞപ്പോൾ ചർച്ചകളിലെ സംഘർഷം ഒഴിവാക്കണമെന്നു കൃഷ്ണകുമാറും പറഞ്ഞു.

നടൻമാർക്കൊപ്പമുള്ള മത്സരത്തെക്കുറിച്ചു പ്രേമചന്ദ്രൻ ചിരിയോടെ പറഞ്ഞതിങ്ങനെ: ‘രാവിലെ ഇങ്ങോട്ട് ഇറങ്ങുമ്പോഴും ഭാര്യ പറഞ്ഞു, 2 നടന്മാർക്കൊപ്പമാണ് ഇരിക്കേണ്ടത്; നല്ല വസ്ത്രം ധരിക്കണം.’ അതുകേട്ട കൃഷ്ണകുമാറും ഭാര്യയുടെ മുന്നറിയിപ്പ് ഓർത്തു. ‘എന്റെ ഭാര്യ വിളിച്ചത് സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നു പറയാനാണ്. സിറ്റിങ് എംപിക്കും എംഎൽഎക്കും ഒപ്പമാണ് ഇരിക്കുന്നതെന്ന് ഓർമവേണമെന്നും പറഞ്ഞു.

താനും നടനായിരുന്നെന്ന പ്രേമചന്ദ്രന്റെ വെളിപ്പെടുത്തൽ കൗതുകമായി. ‘കോളജിൽ പഠിക്കുമ്പോൾ നാടകത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്നാണ് അഭിനയം നിർത്തിയത്. ശാസ്ത്രജ്ഞനായ എന്റെ കഥാപാത്രം ഒരു സ്ഫോടനം നടത്തണം. പാത്രത്തിൽ വച്ചു സ്ഫോടനം നടത്തിയെങ്കിലും തീയാളി മുഖം പൊള്ളി. ഒരു മാസത്തോളം ആശുപത്രിയിലായിരുന്നു. അതോടെ അഭിനയവും അവസാനിപ്പിച്ചു. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് അഭിനയം. നടൻമാരുടെ വൈഭവം കാണുമ്പോൾ അദ്ഭുതം തോന്നാറുണ്ട്’.

ചെലവേറും തിരഞ്ഞെടുപ്പ്

ഇന്ധനവിലവർധന ‘തിരഞ്ഞെടുപ്പ് ഓട്ടത്തെ’ ബാധിക്കുമെന്നതിലും മൂവർക്കും തർക്കമില്ല. സാധാരണക്കാരെയും ബാധിക്കുന്ന വിഷയമാണതെന്നു പ്രേമചന്ദ്രൻ. ഇന്ധനച്ചെലവു കൂടിയാൽ തിരഞ്ഞെടുപ്പു ചെലവുകളും വർധിക്കുമെന്നും അതു നികത്താൻ കൂടുതൽ സിനിമകളിൽ അഭിനയിക്കേണ്ടി വരുമെന്നും മുകേഷ്. ആഗോള വിഷയമാണെന്നും ലോകം ബദൽ തേടുകയാണെന്നും കൃഷ്ണകുമാർ.

നടൻ എംഎൽഎ ആയാൽ എന്തുചെയ്യുമെന്നു പലരും ചോദിച്ചിരുന്നുവെന്ന് മുകേഷ്. എന്നാൽ, സിനിമാ നടൻ എംഎൽഎ ആയതുകൊണ്ടു നേട്ടങ്ങളാണുള്ളത്. കോവിഡ് കാലത്തു പെരുമൺ പാലത്തിനു മന്ത്രിസഭയുടെ അനുമതി വേണം. തലേന്നു സെക്രട്ടേറിയറ്റിൽ ചുരുക്കം ജീവനക്കാരേയുള്ളൂ. കുറച്ചു കോപ്പികളെടുക്കണമെന്നു പറഞ്ഞപ്പോൾ അവർ ഒരു ഉപകാരം ചെയ്യുമോയെന്നു ചോദിച്ചു. ഒപ്പം ഒരു ഫോട്ടോ എടുക്കണം. ‘എത്ര വേണമെങ്കിലും ഫോട്ടോ എടുത്തോളൂ’ എന്നു പറഞ്ഞാണ് ജീവനക്കാരെ വലയിലാക്കിയതെന്നും മുകേഷ്. 

വെറുപ്പാണ്!

തിരഞ്ഞെടുപ്പിൽ ഏറ്റവും വെറുക്കുന്ന കാര്യങ്ങളെക്കുറിച്ചും മൂവരും നയം വ്യക്തമാക്കി. 

മുകേഷ്: കൂടെ വരുന്നവർ ചെവിയിൽ പറയും... കുറച്ചു കൂടി നന്നായി തൊഴുതോളൂ എന്ന്. എന്നെ അഭിനയം പഠിപ്പിക്കുകയാണ് ! 

പ്രേമചന്ദ്രൻ: രാഷ്ട്രീയ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആരോപണങ്ങൾ വരുമ്പോൾ, അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഞാൻ അങ്ങനെയല്ല, ഇങ്ങനെയാണെന്നും വാദിക്കേണ്ടി വരുന്നത് ഏറെ ഖേദകരമാണ്. 

കൃഷ്ണകുമാർ: പ്രേമചന്ദ്രൻ ചേട്ടൻ പറഞ്ഞതു സത്യമാണ്. അങ്ങനെ വന്നാൽ രാത്രി ആരുമില്ലാത്തയിടത്തെത്തി സ്വയം പൊട്ടിത്തെറിച്ചു തീർക്കും. തീർത്തും അപ്രതീക്ഷിതമായാകും ആരോപണങ്ങൾ വരുന്നത്. സൈബർ ലോകത്താണ് ഏറ്റവും കൂടുതൽ ആക്രമണം. 

ചർച്ച അവസാനിപ്പിക്കാനായി പ്രേമചന്ദ്രനെ നോക്കി മുകേഷിന്റെ പഞ്ച് ഡയലോഗ്... ‘പുള്ളിക്കു പോകാനുണ്ട്’. അതും എന്റെ തലയിലിട്ടെന്നു പ്രേമചന്ദ്രന്റെ കൗണ്ടർ. നർമം കലർന്ന സൗഹൃദ സംഭാഷണം അവസാനിപ്പിച്ചു കൈകൾ ചേർത്തുപിടിച്ച ശേഷം മൂവരും 3 വഴികളിലേക്കു പിരിഞ്ഞു; ജനങ്ങൾക്കു മുന്നിലേക്ക്.

English Summary:

Chat with Kollam Loksabha Elections 2024 candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com