ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിന്റെ മധ്യത്തിൽ നിൽക്കെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരംഭിച്ചതു സിപിഎമ്മിനു പ്രഹരമായി. ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന പതിവു വ്യാഖ്യാനമാണു പാർട്ടി നൽകുന്നതെങ്കിലും നിഷ്പക്ഷ വോട്ടർമാരോട് എങ്ങനെ വിശദീകരിക്കുമെന്ന ആശയക്കുഴപ്പം പാർട്ടിക്കുണ്ട്. പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി തന്നെ എതിരാളികളുടെ പ്രധാന പ്രചാരണ ആയുധമായി മാറുന്ന സാഹചര്യമാണ് എൽഡിഎഫിനുള്ളത്.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ കെഎസ്ഐഡിസിയും എക്സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചു പരാജയപ്പെട്ടതാണ്. കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണക്കടത്ത് കേസിലുൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല. ആ നിലയ്ക്ക് ഇ.ഡിയെ നിയമപരമായി നേരിടുന്നതിനെക്കാൾ രാഷ്ടീയമായി എതിർക്കാനാകും സിപിഎം ശ്രമം. തിരഞ്ഞെടുപ്പുകാലത്തെ നടപടി എന്നത് ഉയർത്തിക്കാണിക്കും. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ, കേന്ദ്രകമ്മിറ്റിയംഗവും സ്ഥാനാർഥിയുമായ തോമസ് ഐസക്കിനോട് ഹാജരാകാൻ ഇ.ഡി സമൻസ് അയച്ചതിനെയും ഇതുമായി ബന്ധപ്പെടുത്തും. 

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ പിടിമുറുക്കിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന്റെ ആത്മവിശ്വാസം പാർട്ടിക്കുണ്ട്.  അരവിന്ദ് കേജ്‍രിവാളിനെതിരായ ഇ.ഡി നടപടിയിൽ കോൺഗ്രസും പ്രതിഷേധ രംഗത്താണ് എന്നതിനാൽ അവരിൽനിന്നു വലിയ ആക്രമണം പാർട്ടി പ്രതീക്ഷിക്കുന്നുമില്ല.

എന്നാൽ, ഒരിക്കൽ ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയ വിഷയത്തിലാണ് ഇപ്പോൾ കേസെടുത്ത് അന്വേഷിക്കുന്നത്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നന്വേഷിക്കണമെന്ന റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ശുപാർശ എസ്എഫ്ഐഒ ശരിവച്ചതോടെയാണു കേസെടുത്ത് അന്വേഷിക്കാനുള്ള തീരുമാനം. സ്വാഭാവികമായി ചോദ്യം ചെയ്യലുണ്ടാകും. അതിനും അപ്പുറത്തേക്കു കടന്നാൽ സിപിഎമ്മിനു കാര്യങ്ങൾ എളുപ്പമാകില്ല. സ്വർണക്കടത്ത് കേസിലെ ഇ.ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണെത്തിയതെങ്കിൽ ഇപ്പോൾ അതു കുടുംബത്തിലേക്ക് എത്തുന്നു. ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല. 

ഇ.ഡി അന്വേഷണത്തെ ആഘോഷിക്കേണ്ടതില്ലെന്നാണു പ്രതിപക്ഷ നിലപാട്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച സ്വർണക്കടത്ത്, കരുവന്നൂർ കേസുകളിൽ സിപിഎമ്മും ബിജെപിയുമായി ഒത്തുതീർപ്പുണ്ടായെന്ന് അവർ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പുകാലത്തെ ഇ.ഡി നടപടിയിൽ അതിനപ്പുറമുള്ള ആത്മാർഥത പ്രതിപക്ഷം കാണുന്നില്ല. എന്നാൽ, ഇ.ഡിയെ പേടിച്ചു ചില മണ്ഡലങ്ങളിൽ സിപിഎം ബിജെപിയെ സഹായിച്ചേക്കുമെന്ന പ്രചാരണം ഉയർത്തും.

English Summary:

Enforcement Directorate investigation about Exalogic headache for CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com