റിയാസ് മൗലവി വധക്കേസ്: അന്വേഷണം ഏകപക്ഷീയം, നിലവാരമില്ലാത്തത്: കോടതി
Mail This Article
കാസർകോട് ∙ റിയാസ് മൗലവി വധക്കേസിന്റെ തെളിവെടുപ്പിൽ ഗുരുതര വീഴ്ചകളുണ്ടായെന്നു കോടതി. നടന്നത് ഏകപക്ഷീയവും നിലവാരമില്ലാത്തതുമായ അന്വേഷണമെന്നാണും ഡിഎൻഎ തെളിവ് ആധികാരികമായി ശേഖരിച്ചില്ലെന്നും വിധിയിൽ പറയുന്നു. മൗലവിയുടെ മുറിയിലെ മൊബൈലിന്റെയും സിംകാർഡിന്റെയും കാര്യത്തിൽ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തിയില്ല. പ്രതിയുടെ വീട്ടിൽ തെളിവെടുപ്പിനു പോയപ്പോൾ വിശദമായി മൊഴിയെടുത്തില്ല. പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി സർക്കാരിനും തിരിച്ചടിയായി.
അന്വേഷണത്തിലെ വീഴ്ചകളാണു പ്രതികളെ വിട്ടയയ്ക്കാൻ കാരണമായതെന്നു പ്രതിപക്ഷം ആരോപിച്ചു. കൃത്യം നടന്നു മൂന്നാം ദിവസം തന്നെ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. 3 മാസത്തിനുള്ളിൽ കുറ്റപത്രം നൽകി. ഇപ്പോൾ ആന്ധ്രയിൽ ജോലി ചെയ്യുന്ന എ.ശ്രീനിവാസാണ് അന്ന് കേസന്വേഷിച്ചത്. വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നിറകണ്ണുകളോടെ മൗലവിയുടെ ഭാര്യ
റിയാസ് മൗലവിയുടെ ഭാര്യ സൈദയും മകൾ ഷബിദയും സഹോദരൻ അബ്ദുറഹ്മാനും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളും കോടതി മുറിയിലുണ്ടായിരുന്നു. രാവിലെ 11ന് ജഡ്ജി കെ.കെ.ബാലകൃഷ്ണൻ എത്തി ആദ്യം വിളിച്ചത് ഈ കേസാണ്. ഒറ്റ വരിയിലായിരുന്നു വിധി പ്രസ്താവം. 3 പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടതോടെ പ്രോസിക്യൂഷൻ തരിച്ചുനിന്നു. പ്രതികളെ വിട്ടയയ്ക്കുമെന്നു പ്രതീക്ഷിച്ചില്ലെന്ന് മൗലവിയുടെ ഭാര്യ സൈദ വിതുമ്പലോടെ പ്രതികരിച്ചു.
ചൂണ്ടിക്കാട്ടിയ പാളിച്ചകൾ
∙ ഒന്നാം പ്രതിയുടേത് എന്നാരോപിക്കപ്പെടുന്ന ഷർട്ട് പ്രതിയുടെ ഡിഎൻഎ സാംപിളുമായി ഒത്തു നോക്കിയില്ല (പരിശോധന നടത്തിയത് ഷർട്ടിലെ രക്തം മൗലവിയുടേതാണോ എന്ന കാര്യത്തിൽ മാത്രം)
∙ ഒരു സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നിലെന്ന ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ല
∙ ആർഎസ്എസ് ബന്ധത്തിനു കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല
∙ മൗലവിയുടെ മുറിയിൽനിന്നു കണ്ടെടുത്ത മൊബൈൽ ഫോണുകളും സിം കാർഡും പരിശോധിച്ചില്ല
∙ അവസാനം ആരെയൊക്കെ മൗലവി ബന്ധപ്പെട്ടു എന്ന കാര്യത്തിൽ അന്വേഷണം നടത്തിയില്ല
∙ ‘കോടതി വിധി ദൗർഭാഗ്യകരമാണ്. കത്തിയിലും ഒന്നാം പ്രതിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ രക്തം ഉണ്ടായത് തിരുവനന്തപുരം ലാബിൽ പരിശോധനയ്ക്ക് അയച്ചതാണ്. അതു പരിശോധിച്ച ഉദ്യോഗസ്ഥനെ വിസ്തരിച്ചതാണ്.’ – ടി.ഷാജിത്ത്, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ
∙ ‘നീതി ജയിച്ചു. 7 വർഷം തടവിൽ കിടന്ന 3 ചെറുപ്പക്കാർക്ക് നീതി ലഭിച്ചു. സമ്മർദത്തിന്റെ ഫലമായാണ് അന്വേഷണ ഏജൻസികൾ നിരപരാധികളെ ജയിലിലാക്കിയത്.’ – ടി.സുനിൽകുമാർ, പ്രതിഭാഗം അഭിഭാഷകൻ
∙ ‘കോടതിവിധി നിരാശാജനകം. ആർഎസ്എസുകാരായ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു. ആർഎസ്എസ് നേതാക്കളുമായി ശ്രീഎമ്മിന്റെ സാന്നിധ്യത്തിൽ നടത്തിയ രഹസ്യ ചർച്ചയിൽ ക്രിമിനൽ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.’ – വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്
∙ ‘പ്രോസിക്യൂഷനും പ്രതികളും ഒത്തുകളിച്ചു. വർഗീയ അന്തരീക്ഷമുണ്ടാക്കാൻ കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമുള്ളതാണ്. വടക്കേ ഇന്ത്യയിൽ പോലും കണ്ടിട്ടില്ലാത്ത പോലെയുള്ള വിധിയാണുണ്ടായിരിക്കുന്നത്.’ – പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി
∙ ‘ഗൂഢാലോചനയില്ലെന്ന് പൊലീസ് തന്നെ റിപ്പോർട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്. ആ പൊലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ആർഎസ്എസുകാരായ പ്രതികളെ കോടതി വിട്ടയയ്ക്കുന്നു. ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി ‘സംഘികളുടെ പേടി സ്വപ്നം’ വിജയനാണെന്ന് പ്രത്യേകം പറയണ്ടല്ലോ!’ – രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്