ADVERTISEMENT

കോഴിക്കോട്∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷൻ കണക്കാക്കുന്നതിന് പ്രോ–റേറ്റ വ്യവസ്ഥ ബാധകമാക്കിയതിനെതിരായ കേസിൽ ഇപിഎഫ്ഒ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പെൻഷൻകാരോടുള്ള നീതിനിഷേധത്തിനു തെളിവ്. കിൻഫ്രയിൽനിന്നു വിരമിച്ച ജീവനക്കാരൻ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് 28.29 ലക്ഷം രൂപ തിരിച്ചടച്ചാൽ പ്രതിമാസം 31,673 രൂപ അധികം പെൻഷൻ നൽകുമെന്നാണ് ഇപിഎഫ്ഒ അറിയിച്ചത്. ബാങ്ക് സ്ഥിരനിക്ഷേപത്തിനു ലഭിക്കുന്ന പലിശയുമായി താരതമ്യപ്പെടുത്തുമ്പോൾ മോശമല്ലാത്ത തുകയെന്നു തോന്നാമെങ്കിലും നിക്ഷേപത്തുകയായ 28.29 ലക്ഷം രൂപ ഇപിഎഫ്ഒ ഒരിക്കലും തിരികെ തരില്ലെന്ന യാഥാർഥ്യം പരാമർശിക്കപ്പെടുന്നില്ല. 80 വയസ്സുവരെ ജീവിച്ചാൽ ആകെ 83 ലക്ഷത്തോളം രൂപ പെൻഷനായി ലഭിക്കുമെന്നു പറയുന്ന ഇപിഎഫ്ഒ പെൻ‌ഷനർ 70 വയസ്സിനുള്ളിൽ മരിച്ചുപോയാൽ പെൻഷൻ ഫണ്ടിലേക്കു നിക്ഷേപിച്ച തുക നഷ്ടമായി മാറുമെന്ന കാര്യവും സൗകര്യപൂർവം മറച്ചുവയ്ക്കുന്നു. 

മാത്രമല്ല, മറ്റു പെൻഷൻകാർക്കുള്ളതുപോലെ പെൻഷൻ പരിഷ്കരണമോ ക്ഷാമബത്തയോ ഇല്ലാത്തതാണ് പിഎഫ് പെൻഷൻ പദ്ധതി. എത്ര വർഷം കഴിഞ്ഞാലും പെൻഷൻ തുക അതേപടി തുടരും. 

അധികം കിട്ടുന്നത് ചെറിയ തുക മാത്രം 

അധികമായി പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടിവരുന്ന 28.29 ലക്ഷം രൂപ 8.5% പലിശയ്ക്ക് സ്ഥിരനിക്ഷേപമാക്കിയാൽ പ്രതിമാസം 20,039 രൂപ പലിശ ലഭിക്കും. നിക്ഷേപത്തുക ബാങ്കിൽ ഉണ്ടാകുകയും ചെയ്യും. പെൻഷനർക്കു ലഭിക്കുമെന്നു പറയുന്ന 31,673 രൂപയിൽനിന്ന് 20,039 രൂപ കുറച്ചാൽ അധികമായി പ്രതിമാസം ലഭിക്കുന്നത് 11,634 രൂപ മാത്രം. പെൻഷനർ നേരത്തേ മരിച്ചുപോയാൽ ജീവിതപങ്കാളിക്കു ലഭിക്കുന്ന പകുതി പെൻഷൻ കൊണ്ടു പിന്നീടൊരിക്കലും നിക്ഷേപത്തുകയിലേക്ക് എത്താനാവാതെ പിഎഫ് പെൻഷൻ വൻ നഷ്ടമായി മാറും. 

നേരത്തേ 12 മാസ ശമ്പളശരാശരി പ്രകാരം പെൻഷൻ കണക്കാക്കിയിരുന്നത് 2014ൽ 60 മാസ ശരാശരിയിലേക്കു മാറ്റിയതു തന്നെ പെൻഷൻകാർക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്. അതിനു പുറമേയാണ് പ്രോ–റേറ്റ അടിസ്ഥാനത്തിൽ സേവനകാലത്തെ രണ്ടായി വിഭജിച്ച് പെൻഷൻ വീണ്ടും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. 

English Summary:

EPFO's affidavit in High Court is evidence of denial of justice to pensioners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com