പത്തനംതിട്ടയിൽ പ്രചാരണത്തിന് മറിയാമ്മ ഉമ്മനും അച്ചു ഉമ്മനും
Mail This Article
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങും. പെൺമക്കളായ മറിയയും അച്ചുവും ഒപ്പം പ്രചാരണത്തിൽ സജീവമാകും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തുടർച്ചയായി മത്സരിക്കുമ്പോഴും അദ്ദേഹത്തിന്റെ മരണ ശേഷം ചാണ്ടി ഉമ്മൻ മത്സരിച്ചപ്പോഴും മറിയാമ്മ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. നാളെ കോട്ടയം മണ്ഡലത്തിലെ കൂരോപ്പട കോൺഗ്രസ് മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തുടക്കം. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ കുളനടയിൽ ഈ മാസം 5ന് മറിയാമ്മയും 6ന് അച്ചു ഉമ്മനും യുഡിഎഫ് പ്രചാരണത്തിനെത്തും.
‘നിർണായകമായ തിരഞ്ഞെടുപ്പാണിത്. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നു പോലും ആശങ്ക ഉയരുമ്പോൾ കോൺഗ്രസ് മുന്നണിയുടെ വിജയത്തിന് കഴിയാവുന്നതെല്ലാം ചെയ്യണം. ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. അദ്ദേഹത്തിന്റെ മക്കളും ബിജെപിയിലേക്കു പോകുമെന്ന വ്യാജ പ്രചാരണത്തിനും കൂടിയുള്ള മറുപടിയാണിത്. ആ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ ആത്മാവ് വേദനിക്കും. ഉമ്മൻ ചാണ്ടിയുടെ കുടുംബം എന്നും കോൺഗ്രസിനൊപ്പം അടിയുറച്ചു തന്നെയുണ്ടാകും. പാർട്ടി നിർദേശിക്കുന്നതനുസരിച്ചാകും പ്രചാരണത്തിന് പോവുക’– മറിയാമ്മ വ്യക്തമാക്കി.
മക്കളായ മറിയയും അച്ചുവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും പ്രചാരണത്തിൽ സജീവമായിരുന്നു. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും പ്രചാരണ രംഗത്തു സജീവമാണ് ചാണ്ടി ഉമ്മൻ.