ഹൈക്കോടതി പറഞ്ഞിട്ടും ജോലിയിൽ പ്രവേശിപ്പിച്ചില്ല: അനിത സമരം തുടങ്ങി
Mail This Article
കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ പിന്തുണച്ചതിനു സ്ഥലംമാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ ഇന്നലെയും ജോലിയിൽ തിരികെ പ്രവേശിപ്പിച്ചില്ല. ഏപ്രിൽ ഒന്നിനു ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവുമായി അനിത ഇന്നലെയും എത്തിയെങ്കിലും, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) ഉത്തരവു കിട്ടാതെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാനാവില്ലെന്നു സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ എൻ.പത്മനാഭൻ അറിയിച്ചു. തുടർന്ന് പ്രിൻസിപ്പൽ ഓഫിസിനു മുൻപിൽ അനിത സമരം തുടങ്ങി. അനിതയ്ക്കു പിന്തുണയുമായി ഐസിയു പീഡനക്കേസിലെ അതിജീവിതയും എത്തിയിരുന്നു.
ഐസിയുവിൽ ജീവനക്കാരന്റെ പീഡനത്തിനിരയായ യുവതിയെ മൊഴി മാറ്റാൻ 6 ജീവനക്കാരികൾ ഭീഷണിപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പി.ബി.അനിത രാഷ്ട്രീയ വേട്ടയാടലിനിരയായത്. പരസ്പരവിരുദ്ധമായ മൊഴി നൽകി എന്ന പേരിൽ ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് അനിത ഹൈക്കോടതിയെ സമീപിച്ചു. അച്ചടക്കനടപടി എടുക്കാൻ മാത്രം അനിത ഡ്യൂട്ടിയിൽ അലംഭാവമോ വീഴ്ചയോ വരുത്തിയിട്ടില്ലെന്ന നിരീക്ഷണത്തോടെ കോടതി സ്ഥലംമാറ്റം തടയുകയായിരുന്നു.
ഉത്തരവുമായി ഏപ്രിൽ ഒന്നിനു തന്നെ അനിത കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയെങ്കിലും ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും ഡിഎംഇക്കും ഇതുവരെ കോടതി ഉത്തരവിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നായിരുന്നു മെഡി. കോളജ് അധികൃതരുടെ മറുപടി. അനിതയുടെ അപേക്ഷയും കോടതിവിധിയുടെ കോപ്പിയും കഴിഞ്ഞ ദിവസം തന്നെ ഡിഎംഇക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
അതിജീവിതയെ പിന്തുണച്ചത് പീഡനത്തിലും വലിയ കുറ്റമോ?
കോഴിക്കോട് ∙ മെഡി. കോളജിലെ ആറ് വനിതാ ജീവനക്കാർ അതിജീവിതയെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയത് അവരുടെ ഭർത്താവിന്റെ പരാതിപ്രകാരം അധികൃതരുടെ നിർദേശമനുസരിച്ചാണു താൻ റിപ്പോർട്ട് ചെയ്തതെന്നു സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത പറഞ്ഞു. പീഡിപ്പിച്ചതിനേക്കാളും ഭീഷണിപ്പെടുത്തിയതിനേക്കാളും വലിയ കുറ്റം അതാണെന്നാണ് ഇപ്പോൾ ആരോപിക്കുന്നത്. ഗൈനക്കോളജിയിലെ ഡോക്ടർ നടത്തിയ തെളിവെടുപ്പിലും മൊഴി കൃത്യമായല്ല രേഖപ്പെടുത്തിയത്. അതിജീവിതയ്ക്ക് ഇനി എപ്പോളാണു നീതി ലഭിക്കുക എന്നും ആശങ്കയുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവു ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനിത പറഞ്ഞു.