കേരളത്തിന്റേത് കെടുകാര്യസ്ഥത: സുപ്രീം കോടതി; കടമെടുപ്പിൽ സംസ്ഥാന സർക്കാരിന് ആശ്വാസമില്ല
Mail This Article
ന്യൂഡൽഹി ∙ കെടുകാര്യസ്ഥത മൂലം വരുത്തിവച്ച സാമ്പത്തികബുദ്ധിമുട്ടിന് ഇടക്കാലാശ്വാസം തേടാൻ കഴിയില്ലെന്നു വ്യക്തമാക്കി, കടമെടുപ്പു പരിധി വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഈ ആവശ്യം അംഗീകരിച്ചാൽ സംസ്ഥാനങ്ങൾ ധനനയം ലംഘിച്ചുകൊണ്ടു കൂടുതൽ വായ്പ ആവശ്യപ്പെടുന്ന മോശം കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാമെന്നു ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഇതേസമയം, കടമെടുപ്പുപരിധിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കുമേൽ കേന്ദ്ര ധനമന്ത്രാലയം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കേന്ദ്ര നടപടി മൂലം നേരിടുന്ന സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടി കേരളം നൽകിയ ഹർജി പരിഗണിച്ചാണ് ഇതിലെ നിയമപ്രശ്നങ്ങൾ അഞ്ചംഗ ബെഞ്ചിനു വിടാൻ തീരുമാനിച്ചത്. ഫലത്തിൽ, കേന്ദ്രവും കേരളവും തമ്മിലുള്ള നിയമപ്പോരു മുറുകും.
അധിക കടമെടുപ്പു പരിധി സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് 13,608 കോടി രൂപ കൂടുതലായി കടമെടുക്കാൻ കഴിഞ്ഞുവെന്നു വിലയിരുത്തിയാണ് ഇടക്കാലാശ്വാസം കോടതി നിരാകരിച്ചത്. കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങൾ മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നു കരുതിയാലും സമാശ്വാസ നടപടി കേന്ദ്രത്തിൽനിന്നുണ്ടായി. അതുവഴി പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ഒരുപരിധി വരെ രക്ഷപ്പെടുത്തി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ മതിയായ ആശ്വാസം കേരളത്തിനു ലഭിച്ചു– കോടതി വിലയിരുത്തി.
കേരളം അടിയന്തര ആവശ്യം ഉന്നയിച്ചിരുന്ന സാമ്പത്തിക വർഷം (2023–24) പിന്നിട്ടതിനാൽ ഈ വിധി പ്രത്യക്ഷത്തിൽ കേരളത്തെ ബാധിക്കുന്നില്ല. എന്നാൽ, കടമെടുപ്പു പരിധി സംബന്ധിച്ച നിലപാട് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന നിരീക്ഷണം തിരിച്ചടിയാണ്.