തോമസ് ഐസക്കിന് പങ്കില്ലെന്ന് കിഫ്ബി ഹൈക്കോടതിയിൽ; ബോണ്ടിലൂടെ സമാഹരിച്ച 2150 കോടി രൂപ തിരികെ നൽകിയെന്നും സിഇഒ
Mail This Article
കൊച്ചി∙ വിദേശത്തു മസാല ബോണ്ട് പുറപ്പെടുവിച്ച തീരുമാനത്തിൽ പ്രധാന പങ്കാളി മുൻമന്ത്രി തോമസ് ഐസക് ആണെന്ന ഇ.ഡിയുടെ ആരോപണം തള്ളി കിഫ്ബിയുടെ സത്യവാങ്മൂലം ഹൈക്കോടതിയിൽ. മസാല ബോണ്ടിലൂടെ സമാഹരിച്ച 2150 കോടി രൂപയും കഴിഞ്ഞ മാർച്ചിൽ തിരികെ നൽകിയിട്ടുള്ളതാണെന്നും സിഇഒ: ഡോ. കെ. എം. ഏബ്രഹാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും.
ധനമന്ത്രി എന്ന നിലയിൽ കിഫ്ബിയുടെ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും ആയിരുന്ന തോമസ് ഐസക്കിന് ഫണ്ട് വിനിയോഗത്തിൽ നിർണായക പങ്ക് ഉണ്ടെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. കിഫ്ബിയുടെ വിശ്വാസ്യതയെയും അടിത്തറയെയും ഭരണ നിർവഹണത്തെയും ദോഷകരമായി ബാധിക്കുന്നതാണ് ഈ ആരോപണമെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. ഗവേണിങ് ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയുമാണ് കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. യോഗത്തിൽ അധ്യക്ഷത വഹിക്കുന്നതിന് അപ്പുറം വൈസ് ചെയർമാന് ഒരു പങ്കുമില്ല. രാജ്യത്തിനകത്തും പുറത്തും നിന്ന് ഫണ്ട് സമാഹരിക്കാനുള്ള കിഫ്ബിയുടെ ശ്രമത്തെ ബാധിക്കുന്നതാണ് ആരോപണം.
വിദേശത്തു മസാല ബോണ്ട് പുറപ്പെടുവിച്ചതിലൂടെ സമാഹരിച്ച 2150 കോടി രൂപ 339 അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണു വിനിയോഗിച്ചത്. സിഇഒ ആണു ഫണ്ട് മാനേജർ. ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിൽ റിസർവ് ബാങ്ക് തെറ്റൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. 100 കോടി വരെ ചെലവു വരുന്ന പദ്ധതികൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയും അതിൽ കൂടുതൽ തുക അനുവദിക്കേണ്ട പദ്ധതികൾക്കു ജനറൽ ബോഡിയുമാണ് അനുമതി നൽകുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.