ആനക്കലിയിൽ പൊലിഞ്ഞു, ഒരു ജീവൻകൂടി; ദുരന്തം പുലർച്ചെ ഒന്നരയ്ക്ക് പത്തനംതിട്ട തുലാപ്പള്ളിയിൽ

Mail This Article
തുലാപ്പള്ളി (പത്തനംതിട്ട) ∙ വീടിനു സമീപമുള്ള പുരയിടത്തിലെ കൃഷി നശിപ്പിച്ച കാട്ടാനയെ ഓടിക്കാൻ ശ്രമിച്ച കർഷകനെ ആന തുമ്പിക്കൈകൊണ്ട് അടിച്ചു കൊന്നു. വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജുവാണ് (52) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ 1.30നാണ് സംഭവം. ഞായറാഴ്ച സന്ധ്യ മുതൽ ഇവിടെ ഒറ്റയാനെ കണ്ടിരുന്നു.

അയൽവാസിയായ പുല്ലേലി ആനന്ദന്റെ വീടിനോടു ചേർന്നുള്ള തെങ്ങ് പിഴുതു മറിക്കുന്ന ശബ്ദം കേട്ടാണ് ബിജു വീടിനു പുറത്തേക്കു പോയതെന്ന് ഭാര്യ ഡെയ്സി പറഞ്ഞു. പിന്നാലെയെത്തിയപ്പോൾ ബിജുവിനെ ആക്രമിച്ച ശേഷം ആന ചിന്നം വിളിച്ച് നിൽക്കുന്നതാണു കണ്ടത്. ഡെയ്സി ഫോണിൽ വിളിച്ചതനുസരിച്ച് അയൽവാസി കുന്നുംപുറത്ത് ഷാജിയും ഭാര്യ ലിസിയും ഓടിയെത്തിയപ്പോഴേക്കും ആന പിന്മാറി.
ബിജു സംഭവസ്ഥലത്തു തന്നെ മരിച്ചു. ഈ സ്ഥലവും വനവും തമ്മിൽ 400 മീറ്റർ മാത്രമേ ദൂരമുള്ളൂ. ഡപ്യൂട്ടി റേഞ്ചർ സി.ഡി.കമലാസന്റെ നേതൃത്വത്തിൽ വനപാലകരെത്തി വെടിയുതിർത്ത് ആനയെ ഉൾക്കാട്ടിലേക്കു തുരത്തി.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കലക്ടറും ഉന്നത വനം ഉദ്യോഗസ്ഥരും എത്താതെ മൃതദേഹം മാറ്റേണ്ടെന്നു തീരുമാനിച്ചു. പുലർച്ചെ 5 മണിയോടെ കലക്ടർ എസ്. പ്രേംകൃഷ്ണനും ജില്ലാ പൊലീസ് മേധാവി വി.അജിത്തും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ഏറെ സമയം സംസാരിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിലേക്കു മാറ്റാനായത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ബിജുവിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ കണമല ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ രാവിലെ ധർണ തുടങ്ങി. എയ്ഞ്ചൽവാലി, തുലാപ്പള്ളി, പമ്പാവാലി പ്രദേശത്തെ കർഷകരും സ്റ്റേഷൻ പടിക്കലേക്കു പ്രതിഷേധവുമായി എത്തി. പരിസരവാസികൾ കണമല–പമ്പ തീർഥാടന പാത ഉപരോധിച്ചു.
കലക്ടർ, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ, എസ്പി എന്നിവരുടെ സാന്നിധ്യത്തിൽ നേതാക്കളും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഇന്നലെത്തന്നെ അനുവദിക്കുമെന്നും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നുമുള്ള ഉറപ്പിലാണ് സമരം രണ്ടരയോടെ അവസാനിപ്പിച്ചത്. 5 ലക്ഷം രൂപ കലക്ടർ കൈമാറി. അനന്തരാവകാശ രേഖ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി നൽകും.
ബിജുവിന്റെ മൃതദേഹം തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നാളെ 9 മുതൽ പൊതുദർശനത്തിനു വയ്ക്കും. 12ന് സംസ്കാരം. മക്കൾ: ബിൻസി, ബിൻസൺ, ബിജോ. മരുമകൾ: ജോസ്‌ലി.