ADVERTISEMENT

കാസർകോട് ∙ പ്രോസിക്യൂഷൻ നാടകം കളിച്ചതാണ് മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയതെന്ന് റിയാസ് മൗലവിയുടെ സഹോദരൻ ടി.എസ്.അബ്ദുറഹ്മാൻ. ആവശ്യമായ എല്ലാ തെളിവുകളും കോടതിക്കു നൽകിയില്ലെങ്കിൽ അതു കുറ്റമായി കാണണം. ഈ നാടകത്തിൽ കളിച്ചത് ആരാണെന്ന് അറിയണം.

വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ തൃപ്തി പോരെന്നും കേസ് പുനരന്വേഷിക്കണമെന്നും അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു. പ്രതികളെ 7 വർഷം തടവിൽവച്ച കോടതി അതിനുശേഷം കുറ്റക്കാരല്ലെന്നു കണ്ടു വിട്ടതിൽ പ്രോസിക്യൂഷന്റെ വീഴ്ചയല്ലാതെ മറ്റൊരു കാരണം കാണുന്നില്ല. കോടതി വിധിക്കു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. 

വിധി പുനഃപരിശോധിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യ സയിദയുടെ പേരിൽ ഇതിനുവേണ്ടി പ്രഗല്ഭ അഭിഭാഷകനെ കണ്ട് വക്കാലത്ത് നൽകും. ജില്ലാ സെഷൻസ് കോടതി വിധിയുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ സംബന്ധിച്ച് നിയമ വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും ഭാരവാഹികൾ അറിയിച്ചു.

സർക്കാർ ഭാഗത്ത് അശ്രദ്ധയില്ല: മുഖ്യമന്ത്രി

കോഴിക്കോട് ∙ കാസർകോട്ടെ റിയാസ് മൗലവി വധക്കേസിന്റെ അന്വേഷണത്തിൽ സർക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് ഒരശ്രദ്ധയും അമാന്തവും ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.   ജാഗ്രതയോടെ ഇടപെട്ട പൊലീസ് നടപടിയാണു 96 മണിക്കൂറിനു മുൻപു 3 പ്രതികളെയും വലയിലാക്കിയത്. 7 വർഷവും അവർ വിചാരണത്തടവുകാരായി കിടന്നതും പൊലീസിന്റെ ശക്തമായ നടപടി ‍കാരണമാണ്.

മതസ്പർധ വളർത്താൻ നടത്തിയ കുറ്റകൃത്യമെന്ന വകുപ്പുകൂടി ചേർക്കാൻ അനുമതി തേടിയപ്പോൾ സർക്കാർ ‍അതിനും അനുമതി നൽകി. പക്ഷേ, പ്രതികളെ വെറുതെവിട്ട കോടതിവിധി സമൂഹത്തിൽ ‍ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാവശ്യമായ നടപടി ആരംഭിച്ചിട്ടുമുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary:

Prosecution played drama alleges Riyaz Moulvi's brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com