വധശിക്ഷ കാത്ത് 18 വർഷമായി സൗദി ജയിലിൽ; കോഴിക്കോട് സ്വദേശിക്ക് മോചനദ്രവ്യം സമാഹരിക്കാൻ ബോബി ചെമ്മണൂർ
Mail This Article
കൊച്ചി∙ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു 18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിനു മോചനദ്രവ്യമായി 34 കോടി രൂപ സമാഹരിക്കാൻ വ്യവസായി ബോബി ചെമ്മണൂർ. ആദ്യപടിയായി, ഏപ്രിൽ പകുതിയോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന, നിലവിൽ ദുബായ് വിപണിയിലിറക്കിയിട്ടുള്ള ബോചെ തേയിലയുടെ വിൽപനയിലൂടെ ലഭിക്കുന്ന ലാഭത്തിൽനിന്ന് ഒരു കോടി രൂപ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിലൂടെ നീക്കിവയ്ക്കും.
പൊതുജനങ്ങളിൽ നിന്നു സമാഹരിക്കുന്ന തുക തികയാതെ വന്നാൽ ബോചെ ടീയുടെ മുഴുവൻ ലാഭവും മോചനദ്രവ്യത്തിനായി മാറ്റിവയ്ക്കും. നയതന്ത്ര ഇടപെടലിലൂടെ വധശിക്ഷയുടെ തീയതി നീട്ടാൻ ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കാണുമെന്നും ബോബി പറഞ്ഞു.
16ന് അബ്ദുൽ റഹീമിന്റെ വധശിക്ഷ നടപ്പാക്കുമെന്ന അറിയിപ്പാണു ബന്ധുക്കൾക്കു ലഭിച്ചിട്ടുള്ളത്. അറബിയുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കുന്നതിനിടെ അബദ്ധത്തിൽ കൈതട്ടി, കുട്ടിയുടെ കഴുത്തിൽ ഭക്ഷണവും വെള്ളവും നൽകാൻ ഘടിപ്പിച്ചിരുന്ന ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറി കുട്ടി മരിച്ചതിനാണു വധശിക്ഷ വിധിച്ചത്. സംഭാവന നൽകേണ്ട അക്കൗണ്ട് വിവരങ്ങൾ bobychemmanur എന്ന ഫെയ്സ്ബുക് പേജിലും, boche എന്ന ഇൻസ്റ്റഗ്രാം പേജിലും ലഭ്യമാകുമെന്നും ബോബി ചെമ്മണൂർ പറഞ്ഞു.