കരുവന്നൂർ: പി.കെ.ബിജു നാളെ ഹാജരാകാൻ ഇ.ഡി. നോട്ടിസ്
Mail This Article
കൊച്ചി ∙ മുന്നൂറു കോടി രൂപയുടെ ബെനാമി വായ്പ തട്ടിപ്പു കണ്ടെത്തിയ തൃശൂർ കരുവന്നൂർ ബാങ്കിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) മുൻ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ.ബിജുവിനു നോട്ടിസ് അയച്ചു. നാളെ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് ഓഫിസിൽ ഹാജരാകണം.
കരുവന്നൂർ ബാങ്കിലെ തട്ടിപ്പു സംബന്ധിച്ചു സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിക്കു ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി പാർട്ടിക്കു റിപ്പോർട്ട് സമർപ്പിച്ച കമ്മിഷനെ നയിച്ചതു പി.കെ.ബിജുവായിരുന്നു. തട്ടിപ്പു സംബന്ധിച്ച മുഴുവൻ വിവരങ്ങളും ബിജുവിന് അറിയാമെന്ന് ഇ.ഡി മൊഴി രേഖപ്പെടുത്തിയ സാക്ഷികളും വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ കമ്മിഷൻ അംഗമായിരുന്ന പാർട്ടി ജില്ലാ നേതാവും തൃശൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായ പി.കെ.ഷാജനും അന്വേഷണ സംഘം നോട്ടിസ് അയച്ചു. ഷാജൻ ഈ മാസം അഞ്ചിനു ഹാജരാകണം.
കേസിൽ ഇ.ഡി കോടതി മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയ കരുവന്നൂർ ബാങ്കിലെ ഇടനിലക്കാരനും കേസിലെ സാക്ഷിയുമായ കെ.എ.ജിജോർ നൽകിയ മൊഴികളും ബിജുവിനെ വിളിച്ചുവരുത്താൻ കാരണമായിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയും സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുമായ പി.സതീഷ്കുമാറിന്റെ സഹോദരൻ പി.ശ്രീജിത്തിന്റെ അക്കൗണ്ടിൽ നിന്നും പി.കെ.ബിജുവിന്റെ നിർദേശ പ്രകാരം 5 ലക്ഷം രൂപ പിൻവലിച്ചെന്നാണു ജിജോറിന്റെ മൊഴി. പാർട്ടി അന്വേഷണ കമ്മിഷൻ അംഗങ്ങളായ പി.കെ.ബിജു, പി.കെ.ഷാജൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേരള ബാങ്ക് വൈസ് ചെയർമാനും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ.കണ്ണൻ, മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎ എന്നിവരുടെ മൊഴികൾ ഇ.ഡി വീണ്ടും രേഖപ്പടുത്തും.
തൃശൂർ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം.വർഗീസിനോട് ഇന്നു നേരിട്ടു ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടിസ് ലഭിച്ചാൽ പാർട്ടി നിർദേശം അനുസരിച്ചു പ്രവർത്തിക്കുമെന്നാണു വർഗീസ് പ്രതികരിച്ചത്.