വനംവകുപ്പ് ഓഫിസിൽ കഞ്ചാവുചെടി; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: വനം വിജിലൻസ്
Mail This Article
കോട്ടയം ∙ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവുചെടി വളർത്തിയെന്ന വിവാദത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ശുപാർശ ചെയ്ത് വനം വിജിലൻസ് റിപ്പോർട്ട്. എരുമേലി റേഞ്ച് ഓഫിസ്, ഇതിനു കീഴിൽ വരുന്ന പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയാണു വനം വിജിലൻസ് നടപടിക്കു ശുപാർശ ചെയ്തത്. റിപ്പോർട്ട് വനം മന്ത്രിക്കും വനം മേധാവിക്കും കൈമാറി.
കഞ്ചാവുചെടികൾ ഫോറസ്റ്റ് സ്റ്റേഷനിൽ തന്നെ വളർന്നതാണെന്ന നിഗമനമാണു തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കണ്ടെത്തിയത്. ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കു സംഭവം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്നു റിപ്പോർട്ടിലുണ്ട്. പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് പരിസരത്ത് ഉദ്യോഗസ്ഥരുടെ അറിവോടെ കഞ്ചാവുചെടികൾ നട്ടുവളർത്തിയെന്ന എരുമേലി റേഞ്ച് ഓഫിസറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതാണു വിവാദങ്ങളുടെ തുടക്കം. എന്നാൽ, തനിക്കെതിരായ വനിതാ ജീവനക്കാരുടെ പരാതിയെത്തുടർന്നു റേഞ്ച് ഓഫിസർ തയാറാക്കിയ റിപ്പോർട്ടാണ് ഇതെന്ന ആരോപണവും ഉയർന്നു. സംഭവത്തിൽ മണിമല പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും മണിമല എസ്എച്ച്ഒ അറിയിച്ചു.