കടമെടുപ്പ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത് കേരളത്തിന്റെ വിജയം: മുഖ്യമന്ത്രി
Mail This Article
മഞ്ചേരി ∙ സംസ്ഥാനങ്ങളുടെ ധനകാര്യ അധികാരങ്ങളുടെ മേൽ കേന്ദ്രസർക്കാർ നടത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത് കേരളത്തിന്റെ വലിയ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം ഉന്നയിച്ച വാദങ്ങൾക്കുള്ള അംഗീകാരമാണിത്. എന്നാൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരംതന്നെ 13,608 കോടി രൂപ മാർച്ച് 19ന് കേന്ദ്രം നൽകിയതുകൊണ്ടാണ് അധിക വായ്പയ്ക്കുള്ള ആവശ്യം അനുവദിക്കാതിരുന്നത്.
ഇതു പെരുപ്പിച്ചു കാട്ടി പ്രതിപക്ഷവും വലിയൊരു വിഭാഗം മാധ്യമങ്ങളും കേരളത്തിന്റെ നേട്ടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് മലപ്പുറം ലോക്സഭാ മണ്ഡലം സ്ഥാനാർഥി വി.വസീഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മഞ്ചേരി നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടമെടുപ്പ് പൂർണമായും നിയമസഭയുടെ അധികാര പരിധിയിലുള്ളതാണ്. സംസ്ഥാനം സുപ്രീം കോടതിയിൽ ഉന്നയിച്ച ഏറ്റവും പ്രധാന വാദവും ഇതായിരുന്നു. കേരളത്തിനു മാത്രമല്ല മറ്റു സംസ്ഥാനങ്ങളെക്കൂടി ബാധിക്കുന്ന ഭരണഘടനാ പ്രശ്നമായതിനാലാണ് കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഫെഡറൽ ബന്ധങ്ങളുടെ കാര്യത്തിൽ വലിയ വഴിത്തിരിവാകുന്ന ഇടപെടലാണിതെന്നും രാജ്യചരിത്രത്തിലെ സുപ്രധാന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.