വോളിബോൾ മുൻ താരം കരിമ്പാടം സത്യൻ വീട്ടിൽ മരിച്ച നിലയിൽ; സമീപവാസികൾ അറിഞ്ഞത് ദുർഗന്ധം വമിച്ചപ്പോൾ

Mail This Article
പറവൂർ ∙ മുൻ വോളിബോൾ താരം കരിമ്പാടം സത്യനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചപ്പോഴാണു സമീപവാസികൾ അറിഞ്ഞത്. മൃതദേഹത്തിന് 5 ദിവസത്തോളം പഴക്കമുണ്ട്. കരിമ്പാടം കുന്നുകാട്ടിൽ കെ.കെ. സത്യൻ (76) എന്നാണു യഥാർഥ പേര്.
ഉയരക്കുറവിനെ ബുദ്ധി കൊണ്ടു മറികടന്നു പന്തടിക്കുന്ന വിസ്മയ താരമായിരുന്നു സത്യൻ. 1970 മുതൽ 1980 വരെ ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത സത്യൻ, ആർമി സപ്ലൈ കോറിനു മിന്നുന്ന വിജയങ്ങൾ സമ്മാനിച്ചു. അക്കാലത്തു കർണാടക കേന്ദ്രീകരിച്ചു നടന്നിരുന്ന കളികളിൽ സത്യന്റെ കട്ടിങ് സ്മാഷുകൾക്ക് ഒട്ടേറെ ആരാധകരുണ്ടായിരുന്നു.
എച്ച്എംടി, പ്രീമിയർ ടയേഴ്സ്, സർവീസസ് തുടങ്ങിയ ടീമുകൾക്ക് അതിഥി താരമായും കളിച്ചിട്ടുണ്ട്. ഉയരക്കാരായ ദേശീയ, അന്തർദേശീയ താരങ്ങൾക്കു തടുക്കാൻ കഴിയുന്നതിലും വേഗത്തിലായിരുന്നു അഞ്ചടി ഏഴിഞ്ചു മാത്രം ഉയരമുള്ള സത്യന്റെ സ്മാഷുകൾ. കരിമ്പാടം സ്പോർട്ടിങ് സ്റ്റാർ ക്ലബ്ബിലൂടെയാണു സത്യൻ കളിച്ചു വളർന്നത്.
കുറച്ചു വർഷങ്ങളായി ദാരിദ്ര്യത്തിലായിരുന്നു സത്യന്റെ ജീവിതം. സൈന്യത്തിൽ നിന്നു വിടുതൽ വാങ്ങി പോന്നതിനാൽ പെൻഷൻ ലഭിച്ചില്ല. മറ്റു വരുമാനവും ഇല്ലായിരുന്നു. പ്രളയത്തിൽ സത്യന്റെ വീട് തകർന്നിരുന്നു. പിന്നീട് വോളിബോൾ പ്രേമികളും താരങ്ങളും പരിശീലകരും ചേർന്നു രൂപീകരിച്ച കൂട്ടായ്മ സത്യനു വീടു നിർമിച്ചു നൽകുകയായിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു 3നു തോന്ന്യകാവ് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പരേതയായ സുമം. മകൾ: ലിബി.