ADVERTISEMENT

കൊച്ചി ∙ നടിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അടങ്ങിയ ഫയലുകൾ കോടതിയുടെ കസ്റ്റഡിയിലിരിക്കെ തുറന്നതായി പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. അതിജീവിതയായ നടിയുടെ പരാതിയും കേസിലെ മുഖ്യസാക്ഷികളിലൊരാളായ സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ മൊഴികളും ശരിവച്ചാണു വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ് ജനുവരി 8ന് ഹൈക്കോടതിക്കു റിപ്പോർട്ട് നൽകിയത്. ഒരു ഹൈക്കോടതി ജഡ്ജിയുമായി ബന്ധപ്പെട്ട മൊഴികളും റിപ്പോർട്ടിലുണ്ടെന്നാണു സൂചന.

തന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നുണ്ടെങ്കിലും ഈ അന്വേഷണത്തിന്റെ നിയമപരമായ സാധുത ചോദ്യം ചെയ്ത് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ട് റദ്ദാക്കണമെന്നും ഐജി റാങ്കിൽ കുറയാത്ത ഓഫിസറുടെ നേതൃത്വത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 3 തവണ പരിശോധിക്കപ്പെട്ടതായി അന്വേഷണ റിപ്പോർട്ടിലുണ്ടെന്ന് ഹർജിയിൽ പറയുന്നു.

2018 ജനുവരി 9നു രാത്രി 9.56ന് അങ്കമാലി മജിസ്ട്രേട്ട് ലീന റഷീദും ഡിസംബർ 13നു രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലൈ 19നു പകൽ വിചാരണക്കോടതി ശിരസ്തദാർ താജുദ്ദീനും പരിശോധിച്ചിട്ടുണ്ടെന്നാണു വിവരം. കേസ് ആദ്യം പരിഗണിച്ച അങ്കമാലി മജിസ്ട്രേട്ട് ലീവ് കഴിഞ്ഞു തിരിച്ചെത്തിയ 2017 മാർച്ച് 5 മുതൽ തെളിവുകൾ അട്ടിമറിക്കാൻ പ്രതിഭാഗം നടത്തിയ നീക്കങ്ങൾ പരിശോധിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. 

മെമ്മറി കാർഡ് പരിശോധിക്കുന്നതു സംബന്ധിച്ച് അന്നത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയുടെ നിർദേശങ്ങളുടെ വിവരങ്ങൾ മഹേഷ് മോഹന്റെ മൊഴികളിലുണ്ട്. എന്നാൽ, ഇപ്പോൾ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹത്തിന്റെ വിശദീകരണം റിപ്പോർട്ടിൽ ചേർത്തിട്ടില്ല.

അതിജീവിതയുടെ മൂന്ന് ഗുരുതര ആരോപണങ്ങൾ

1. കേസിൽ സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചശേഷവും അദ്ദേഹത്തെ വിവരം അറിയിക്കാതെ പ്രതിഭാഗത്തിനു വേണ്ടി അങ്കമാലി മജിസ്ട്രേട്ട് കോടതി ചേംബറിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചു. 

2. മജിസ്ട്രേട്ടിന്റെ കസ്റ്റഡിയിലായിരുന്ന മെമ്മറി കാർഡ് കോടതിക്കു പുറത്തു കൊണ്ടുപോയി.

3. കേസ് കോടതിയുടെ പരിഗണനയ്ക്കു വരാത്ത ദിവസം പ്രോസിക്യൂഷനെ അറിയിക്കാതെ മെമ്മറി കാർഡ് തുറന്നുപരിശോധിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com