നടിയെ പീഡിപ്പിച്ച കേസ്: പെൻഡ്രൈവ് കോടതി ‘കടന്നത് ’ ഗൗരവതരം
Mail This Article
കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും പെൻഡ്രൈവും കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്നു പലതവണ പുറത്തുപോയെന്ന ജുഡീഷ്യൽ റിപ്പോർട്ടിലെ മൊഴികൾ കേസിന്റെ വിചാരണയെത്തന്നെ ബാധിക്കുന്നതാണെന്നു നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു. കേസിന്റെ വിചാരണ അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ വിചാരണക്കോടതി തന്നെ കണ്ടെത്തി ഹൈക്കോടതിയെ അറിയിച്ച കുറ്റങ്ങളിൽ വിചാരണ നിർത്തിവച്ചു തുടരന്വേഷണം ആവശ്യപ്പെടാവുന്നതാണ്.
കേസിലെ അതിജീവിതയും പ്രോസിക്യൂഷനും ആദ്യംമുതൽ ആരോപിക്കുന്നതുപോലെ പ്രധാന തൊണ്ടിമുതലായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നതിനു ശേഷമാണു കേസിന്റെ വിചാരണ തുടങ്ങിയതെങ്കിൽ അതു നിയമനടപടികളെ അട്ടിമറിക്കുന്നതാണെന്നും വാദമുണ്ട്
മെമ്മറി കാർഡും പെൻഡ്രൈവും അങ്കമാലി മജിസ്ട്രേട്ട് കോടതിയുടെ കസ്റ്റഡിയിലായിരുന്ന ഒരു വർഷക്കാലം ‘അസാധാരണ സംഭവങ്ങൾ’ നടന്നതായി അതിജീവിത കുറ്റപ്പെടുത്തുന്നു. അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ സുപ്രധാന തൊണ്ടിമുതലാണ് മെമ്മറി കാർഡും പെൻഡ്രൈവും. പലഘട്ടത്തിലായി കേസിന്റെ മേൽനോട്ടച്ചുമതല വഹിച്ച 3 ക്രിമിനൽ കോടതികളും ചില ജീവനക്കാരും ‘കളിപ്പാട്ടം’ പോലെ ഈ തൊണ്ടിമുതൽ കൈകാര്യം ചെയ്തെന്ന വിമർശനവും അതിജീവിത ഉയർത്തുന്നു.
2017 ഫെബ്രുവരി 17നാണ് നടി പീഡിപ്പിക്കപ്പെടുന്നത്. കേസിലെ ഒന്നാംപ്രതി എൻ.എസ്.സുനിൽകുമാറിന്റെ (പൾസർ സുനി) ആദ്യ അഭിഭാഷകൻ ഈ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും മറ്റു തൊണ്ടിമുതലുകളും അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. അവധിയിലായിരുന്ന അങ്കമാലി മജിസ്ട്രേട്ട് 2017 മാർച്ച് 5നു തിരിച്ചെത്തി. അന്നു മുതൽ കോടതിക്ക് അകത്തേക്കും പുറത്തേക്കും മെമ്മറി കാർഡ് നടത്തിയ അസാധാരണ ‘സഞ്ചാരം’ അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
മാർച്ച് 15ന് എട്ടാം പ്രതി ദിലീപിന്റെ സാന്നിധ്യത്തിൽ 2 അഭിഭാഷകർ കോടതിയുടെ ചേംബറിൽവച്ച് അങ്കമാലി മജിസ്ട്രേട്ടിന്റെ ലാപ്ടോപ്പിൽ പീഡനദൃശ്യങ്ങൾ കണ്ടു വിവരങ്ങൾ കുറിച്ചെടുത്തതായി അന്നത്തെ എപിപിയുടെ മൊഴിയുണ്ട്.
പിന്നീട് മജിസ്ട്രേട്ടിന്റെ സ്വകാര്യ കസ്റ്റഡിയിലായിരുന്ന ഘട്ടത്തിൽ ദൃശ്യങ്ങൾ തുറന്നുപരിശോധിക്കുകയോ ചോരുകയോ ചെയ്തിട്ടുണ്ടോയെന്നു കണ്ടെത്താൻ മജിസ്ട്രേട്ടിന്റെയും അടുത്തബന്ധുക്കളുടെയും സ്വകാര്യ ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും അതിജീവിത കുറ്റപ്പെടുത്തുന്നു.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ടാബിൽ ദിലീപും മറ്റും വീട്ടിലിരുന്നു കണ്ടതിന് നേരിട്ടു സാക്ഷിയാണെന്നു സംവിധായകൻ പി.ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. 2017 നവംബർ 15നാണ് ഈ സംഭവം നടന്നതെന്നും മൊഴിയിലുണ്ട്. ഈ സമയം ‘ആലുവക്കാരനായ’ ഒരാൾ ദിലീപിന്റെ വീട്ടിൽ എത്തിയതായും ബാലചന്ദ്രകുമാർ മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. ഈ ‘ആലുവക്കാരൻ’ ആരാണെന്ന് ഇനിയും വ്യക്തമല്ല.
2017 ഡിസംബർ 30നു ദിലീപിന്റെ സഹോദരൻ അനൂപിന്റെ മൊബൈൽ ഫോണിൽനിന്നു ചില ഫയലുകൾ മായിച്ചുകളഞ്ഞതായി സൈബർ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്താതെയാണു വിചാരണക്കോടതി ജഡ്ജി തന്നെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയതെന്നും അതിജീവിത കുറ്റപ്പെടുത്തുന്നു. മെമ്മറി കാർഡും പെൻഡ്രൈവും അങ്കമാലി മജിസ്ട്രേട്ടിന്റെ സ്വകാര്യ കസ്റ്റഡിയിലായിരുന്ന ഘട്ടത്തിൽ അതു മറ്റാരുടെയെങ്കിലും കൈവശം എത്തിയോയെന്നു പരിശോധിക്കാതെ കേസന്വേഷണം പൂർത്തിയാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്.