അരുണാചൽ ദുരൂഹമരണങ്ങൾ: മൂവരും വിചിത്ര മാനസികാവസ്ഥയിൽ മരണം തിരഞ്ഞെടുത്തവർ; കൂട്ടാളികളില്ല
Mail This Article
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ മരിച്ച നവീൻ തോമസിന്റെയും ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മരണത്തിന് പിന്നിൽ കൂട്ടാളികളില്ലെന്നും മൂവരും വിചിത്രമായ മാനസികാവസ്ഥയിൽ മരണം തിരഞ്ഞെടുത്തതാണെന്നും പൊലീസ് കണ്ടെത്തി. മൂന്നു പേരും ഉപയോഗിച്ചിരുന്ന എല്ലാ ഇമെയിൽ ഐഡികളിലെയും മൊബൈൽ ഫോണിലെയും ആശയവിനിമയങ്ങൾ കണ്ടെത്തിയ ശേഷമാണ് ഇൗ നിഗമനത്തിലേക്ക് എത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ ഡിസിപി നിഥിൻ രാജ് വ്യക്തമാക്കി.
നവീൻ തോമസ് പഠിക്കുമ്പോൾ തന്നെ ഇത്തരം ചിന്തകളിൽപെട്ടിരുന്നു. ഇത് നവീൻ തോമസിന്റെ അടുപ്പമുള്ളവരോടു പറഞ്ഞ് അവരെ ആകർഷിക്കുന്നതിനും ശ്രമിച്ചിരുന്നു. ലോകാവസാനത്തെക്കുറിച്ച് എപ്പോഴും വാദിച്ചിരുന്നു. പ്രളയസമയത്തും കോവിഡ് സമയത്തും താൻ പറഞ്ഞതിലേക്ക് ലോകം എത്തുന്നുവെന്ന് വാദിക്കാനും ശ്രമിച്ചിരുന്നുവെന്ന് പൊലീസിനോട് നവീൻ തോമസിന്റെ സുഹൃത്തുക്കൾ പറഞ്ഞു. നവീനും ദേവിയും ആര്യയുമായി ബന്ധമുള്ള 30 പേരെ പൊലീസ് പലപ്രാവശ്യം കണ്ട് സംസാരിച്ചിരുന്നു.
മെഡിറ്റേഷനു പോകുന്നതിന് ദേവിയെയും ആര്യയെയും നിർബന്ധിച്ചതും നവീനാണ്. ഇതിനായി മറ്റു സംസ്ഥാനങ്ങളിലെ ഉയർന്ന സ്ഥലങ്ങളിലേക്ക് പലപ്പോഴും മൂന്നു പേരും യാത്ര ചെയ്തു. ഇതിലൊന്നും ആര്യയും ദേവിയും ദുരൂഹത കണ്ടില്ലെങ്കിലും നവീൻ തങ്ങൾ മുന്നുപേരുമല്ലാതെ മറ്റൊരാൾ ഇത് അറിയാതിരിക്കാൻ ശ്രദ്ധിച്ചു.
ഡയറി താളുകൾ കീറിക്കളഞ്ഞിരുന്നു. ലാപ്ടോപ്പിലെയും മൊബൈലിലെയും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനും ശ്രമിച്ചു. ഇതെല്ലാം വീണ്ടെടുത്തപ്പോഴാണ് നവീന്റെ ചിന്തകളുടെ ചുരുളഴിക്കാൻ പൊലീസിനായത്. സാങ്കൽപിക ലോകത്തു നടക്കുന്ന ചില കഥകളും മറ്റും യാഥാർഥ്യമാണെന്ന് ചിന്തിച്ചായിരുന്നു ഇവരുടെ ജീവിതമെന്നും ഇതൊക്കെ സാങ്കൽപികമാണെന്നു തിരിച്ചറിയണമെന്നുമുള്ള മുന്നറിയിപ്പും പൊലീസ് നൽകുന്നു.
ഡോൺ ബോസ്കോ ആര്യ തന്നെ ഉണ്ടാക്കിയ മെയിൽ ഐഡി
ആര്യയോട് ആശയവിനിമയം നടത്തിയ ഡോൺബോസ്കോ എന്ന ഇമെയിൽ വിലാസം 2013ൽ ആര്യ തന്നെ ഉണ്ടാക്കിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ അത് രണ്ടാമതൊരു ഇമെയിൽ വിലാസം എന്ന നിലയ്ക്കാണ് ഉണ്ടാക്കിയത്. അന്ന് ഇത്തരം വിചിത്രചിന്തകൾ ആര്യയ്ക്കുണ്ടായിരുന്നില്ല. പിന്നീട് നവീനും ദേവിയുമായുള്ള ബന്ധത്തിൽ ഇത്തരം ചിന്തകളിലേക്ക് കടന്നപ്പോഴാണ് സ്വന്തമായി സംസാരിക്കുന്ന വിചിത്രമായ അവസ്ഥയിലേക്ക് ആര്യ പോയത്. അപ്പോഴാണ് പഴയ മെയിൽ ഐഡി വഴി തനിക്കു തന്നെ അന്യഗ്രഹജീവികളുമായുള്ള സംഭാഷണം എന്ന മട്ടിൽ മെയിലുകൾ അയച്ചത്. ഇൗ മെയിൽ ഐഡി പാസ്‌വേഡ് നവീനും കൈമാറി. നവീനും ഇതിൽ നിന്ന് ഇമെയിലുകൾ അയച്ചിരുന്നു.