കളീക്കൽ സത്യൻ വധം: ആരോപണത്തിൽ ഉലഞ്ഞ് സിപിഎം
Mail This Article
ആലപ്പുഴ ∙ തിരഞ്ഞെടുപ്പു കാലത്തു പാർട്ടിയിൽനിന്നുതന്നെ ഉയർന്ന കൊലപാതക ആരോപണം സിപിഎമ്മിനെ ഉലയ്ക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി സജി ചെറിയാൻ നേരിട്ടു രംഗത്തിറങ്ങി രക്ഷാപ്രവർത്തനം തുടങ്ങിയത് പാർട്ടിക്കേറ്റ ആഘാതത്തിന്റെ തോത് വ്യക്തമാക്കുന്നു.
ആർഎസ്എസ് വിട്ട് കോൺഗ്രസിലെത്തിയ കായംകുളം കരീലക്കുളങ്ങര സ്വദേശി കളീക്കൽ സത്യനെ 2001 ൽ കൊലപ്പെടുത്തിയതാണു വിവാദത്തിന് അടിസ്ഥാനം. പ്രതികളെ 2006 ൽ കോടതി വിട്ടയച്ചു. 18 വർഷം മുൻപ് അവസാനിച്ചെന്നു കരുതിയ കൊലക്കേസാണ് പാർട്ടിക്കാരനിലൂടെ വീണ്ടും വിവാദമായിരിക്കുന്നത്.
‘പാർട്ടി ആലോചിച്ചു നടത്തിയ കൊലപാതകം’ എന്ന് ഇപ്പോൾ വെളിപ്പെടുത്തിയതു കേസിൽ പ്രതിയായശേഷം വിട്ടയയ്ക്കപ്പെട്ട ജില്ലാ പഞ്ചായത്തംഗം ബിപിൻ സി.ബാബുവാണ്. അതു പറഞ്ഞതാകട്ടെ മാർച്ച് 26നു സംസ്ഥാന സെക്രട്ടറിക്ക് എഴുതിയ കത്തിലൂടെ. പാർട്ടിശത്രുക്കളുടെ രാഷ്ട്രീയ ആരോപണമെന്നു പറഞ്ഞു കയ്യൊഴിയാൻ കഴിയാത്ത വിധം പാർട്ടിയെ ഇതു വെട്ടിലാക്കി.
വെളിപ്പെടുത്തലിന് ഇപ്പോൾ വഴിമരുന്നിട്ടത് കായംകുളം ഏരിയ കമ്മിറ്റിയിലെ രൂക്ഷമായ വിഭാഗീയതയാണ്. ബിപിനെ അനുനയിപ്പിച്ചു കൂടെനിർത്താനുള്ള ശ്രമമാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്. ഭാര്യയുടെ പരാതിയിൽ ഏരിയ കമ്മിറ്റിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ബിപിനെ തിരിച്ചെടുത്തതു ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ്. തിരഞ്ഞെടുപ്പു ചുമതലകൾ നൽകിയിരുന്നുമില്ല. എന്നാൽ, കത്തു പുറത്തായതോടെ നേതാക്കൾ ഈ കടുത്ത നിലപാടൊക്കെ മാറ്റി.
മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തിടുക്കത്തിൽ യോഗം ചേർന്നു ബിപിനെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാൻ തീരുമാനിച്ചു. പാർട്ടി വിടുമെന്നു കത്തു നൽകിയിരുന്ന ബിപിന്റെ അമ്മയും ഏരിയ കമ്മിറ്റിയംഗവുമായ കെ.എൽ.പ്രസന്ന കുമാരിയെ അനുനയിപ്പിക്കാനും 2 നേതാക്കളെ ചുമതലപ്പെടുത്തി.
എല്ലാം അടക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം വിജയിച്ചാലും കൊലപാതക ആരോപണം എങ്ങനെ മായ്ക്കാൻ കഴിയുമെന്നതാണു പാർട്ടിയുടെ പ്രതിസന്ധി. ബിപിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണു സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. ഇതേസമയം, വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് സിബിഐ പോലുള്ള ഏജൻസി പുനരന്വേഷണം നടത്തണമെന്നു സത്യന്റെ ഭാര്യ ശകുന്തള ആവശ്യപ്പെട്ടു.
∙ ‘കളീക്കൽ സത്യന്റെ കൊലപാതകക്കേസിൽ പുനരന്വേഷണമോ പുനർവിചാരണയോ നടത്തണം. ഇക്കാര്യത്തിൽ ഉത്തരവിടാൻ ഹൈക്കോടതിക്ക് അധികാരമുണ്ട്. സർക്കാർ നിഷ്പക്ഷമാണെങ്കിൽ പുനരന്വേഷണത്തെ അനുകൂലിക്കണം. വീണ്ടും അന്വേഷിക്കാൻ കോടതിയിൽനിന്ന് അനുമതി നേടണം.’ – വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്
∙ ‘ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബുവിന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണണം. കേസിൽ പുനരന്വേഷണം വേണം. കേസ് അട്ടിമറിക്കാൻ സിപിഎം തുടക്കം മുതൽ ശ്രമിച്ചിരുന്നു’ – രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തകസമിതിയംഗം