ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൂടും മഴയും കൂടിക്കുഴഞ്ഞ കാലാവസ്ഥ തുടരുമെന്നു പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ തോതിൽ വേനൽമഴ പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് മഴ കാര്യമായി പെയ്യുക. എങ്കിലും ബുധനാഴ്ച വരെ 11 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പുണ്ട്.

ചൂടും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയ്ക്കു സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുക.

വേനൽമഴ കൂടുതൽ ലഭിച്ചത് 3 ജില്ലകളിൽ

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴ കൂടുതൽ അനുഗ്രഹമായത് മൂന്നു ജില്ലകളിൽ. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഏറെക്കുറെ സാധാരണ തോതിൽ ഇതുവരെ മഴ ലഭിച്ചു. എന്നാൽ, സംസ്ഥാനത്താകെ മഴ ശക്തമായിട്ടില്ല. മാർച്ച് മുതൽ ഏപ്രിൽ 13 വരെ സംസ്ഥാനത്താകെ ശരാശരി 7.53 സെന്റിമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 3.16 സെന്റിമീറ്ററാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 58% കുറവാണിത്.

വയനാട്, മലപ്പുറം, കോഴിക്കോട്, കാസർകോട്, ഇടുക്കി, കണ്ണൂർ ജില്ലകളിൽ 90 ശതമാനത്തിലേറെയാണ് മഴ കുറഞ്ഞത്. തൃശൂരിലും പാലക്കാട്ടും 70 ശതമാനത്തിലേറെ കുറവാണ്. കൊല്ലത്ത് 50% കുറഞ്ഞപ്പോൾ പത്തനംതിട്ടയിൽ കുറവ് 36% മാത്രമാണ്.

English Summary:

Heat and rain will continue; Chance of rain in 5 districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com